ഡല്‍ഹിയില്‍ പള്ളിക്ക് തീയിട്ടത് പുറത്ത് നിന്നെത്തിയവര്‍; വീഡിയോ സന്ദേശവുമായി അശോക് നഗര്‍ പള്ളി ഇമാം

'അശോക് നഗറിലെ ഹിന്ദു സഹോദരങ്ങളാണ് ഞങ്ങളെ സംരക്ഷിക്കാന്‍ എത്തിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, അക്രമി സംഘം അവരെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു'. ഇമാം പറഞ്ഞു.

Update: 2020-02-27 14:31 GMT

ന്യൂഡല്‍ഹി: അശോക് നഗറിലെ പള്ളിക്ക് തീയിട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കിടെ ദൃക്‌സാക്ഷി വിവരണവുമായി അഗ്നിക്കിരയായ പള്ളിയിലെ ഇമാം. ചൊവ്വാഴ്ച്ച(ഫെബ്രുവരി 25) ഉച്ചക്ക് ഒരുമണിയോടെയാണ് സംഘടിച്ചെത്തിവര്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇമാം വ്യക്തമാക്കി. അശോക് നഗറിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നതെന്നും നാല് വര്‍ഷമായി താന്‍ അവിടെ സേവനം അനുഷ്ടിക്കുന്നുണ്ടെന്നും ഇമാം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'ജയ് ശ്രീറാം', 'ഇന്ത്യ ഹിന്ദുക്കളുടേത്' തുടങ്ങിയ മുദ്രാവാക്യം വിളികളോടെ എത്തിയവരാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. പള്ളിയുടെ മിനാരത്തില്‍ കയറിയ അക്രമി സംഘം മിനാരത്തില്‍ ഹനുമാന്‍ പതാക നാട്ടി'. ഹനുമാന്‍ പതാകയും ഇന്ത്യന്‍ പതാകയുമായി ആളുകള്‍ മിനാരത്തില്‍ കയറുന്നതും വ്യക്തമായി കാണാം.

അശോക് നഗറിന് പുറത്ത് നിന്ന് എത്തിയവരാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇമാം വ്യക്തമാക്കി. അശോക് നഗറിലെ ഹിന്ദുക്കള്‍ തങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അക്രമി സംഘം അവര്‍ക്കെതിരേ കല്ലെറിഞ്ഞു. തന്റെ ബൈക്ക് ഉള്‍പ്പടെ പള്ളിക്ക് സമീപം വച്ചിരുന്ന മോട്ടോര്‍ സൈക്കിളുകള്‍ അക്രമികള്‍ തീയിട്ടു. പള്ളിക്ക് സമീപമുള്ള നാല് വീടുകളും സംഘം തകര്‍ത്തു. അതിന് ശേഷം പള്ളിക്ക് നേരെ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. പള്ളിയുടെ ഗേറ്റ് തകര്‍ത്താണ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് പള്ളിക്ക് അകത്തേക്ക് പ്രവേശിച്ച് അവിടെ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. ഖുര്‍ആന്‍ നശിപ്പിച്ചു. പള്ളിക്ക് തീയിട്ടു. പള്ളിക്ക് ചുറ്റുമുള്ള കടകള്‍ കവര്‍ച്ച ചെയ്തതിന് ശേഷം തീയിട്ടു. ഈ സമയത്ത് അശോക് നഗറിലെ ഹിന്ദു സഹോദരങ്ങളാണ് ഞങ്ങളെ സംരക്ഷിക്കാന്‍ എത്തിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, അക്രമി സംഘം അവരെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു'. ഇമാം പറഞ്ഞു.

Tags:    

Similar News