ദുരന്ത മേഖല സന്ദര്‍ശിച്ച് ഇമാംസ് കൗണ്‍സില്‍ പ്രതിനിധി സംഘം

ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

Update: 2019-08-15 15:44 GMT

മലപ്പുറം: പ്രളയക്കെടുതിയില്‍ വന്‍നാശമുണ്ടായ നിലമ്പൂര്‍ ചന്തക്കുന്ന് ചാരംകുളം മേഖല ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. പ്രദേശത്തെ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തി. മേഖലയില്‍ ഓടുമേഞ്ഞ 12 ഓളം വീടുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. നിശേഷം തകര്‍ന്ന വീടുകളില്‍ മഹല്ല് സെക്രട്ടറി ബഷീറിന്റേതും ഉള്‍പ്പെടും. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.

90 ശതമാനം വീടുകളിലേയും വീട്ടുപകരണങ്ങളും അടുക്കള സാധനങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും നഷ്ടപ്പെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുണ്ട്. ചാരംകുളം ജുമാ മസ്ജിദ് ആഗസത് എട്ടിന് വ്യാഴാഴ്ച വൈകീട്ട് വെള്ളം കയറിയത് മുതല്‍ പള്ളിയും മദ്‌റസയും അടച്ചിടുകയായിരുന്നു. വെള്ളം ഇറങ്ങി ആഗസ്ത് 15ന് ഉച്ചയോടെയാണ് പള്ളിയില്‍ നിസ്‌കാരം പുനരാരംഭിച്ചത്.

നിര്‍ധനരായ പ്രദേശ വാസികള്‍ എല്ലാം നഷ്ട്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. എന്നാല്‍, വീട് പൂര്‍ണമായും തകര്‍ന്നവരുടെ ഭാവി ചോദ്യചിഹ്നമായിരിക്കുകയാണ്.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഹസൈനാര്‍ കൗസരി, ജില്ലാ പ്രസിഡന്റ് സഈദ് മൗലവി അരീക്കോട്, കൗണ്‍സില്‍ ഭാരവാഹികളായ മുഹമ്മദ് മൗലവി, ഇബ്രാഹിം മാസ്റ്റര്‍ മങ്കട, മുഹിയുദ്ദീന്‍ സൈനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News