ഇമ്രാന്‍ ഖാന്‍ പുറത്ത്; പാകിസ്താനില്‍ അവിശ്വാസപ്രമേയം പാസായി

Update: 2022-04-10 00:56 GMT

ഇസ്‌ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്ത്. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. ദേശീയ അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍നിന്ന് ഇമ്രാന്‍ ഖാനും ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നിരുന്നു.

ഇതോടെ പാകിസ്താന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഏപ്രില്‍ 11ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാവുമെന്നാണ് സൂചന. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കര്‍ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചിരുന്നു. ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പാണ് ഇരുവരും രാജിവച്ചത്.

പിന്നീട് പ്രതിപക്ഷ കക്ഷിയംഗം അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നല്‍കിയാണ് അവിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നേരത്തേ വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാകിസ്താന്‍ സര്‍ക്കാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെത്തുടര്‍ന്ന് അര്‍ധരാത്രി സുപ്രിംകോടതി പ്രത്യേക സിറ്റിങ്ങിനായി തുറന്നിരുന്നു. ഇതിനുശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. പാകിസ്താനില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ഉത്തരവിട്ടതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News