ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ നാണം കെടുത്തി യദ്യൂരപ്പയുടെ പരാമര്‍ശം
യദ്യൂരപ്പയുടെ പരാമര്‍ശത്തെ അപലപിച്ചുള്ള മാധ്യമ പ്രവര്‍ത്ത ബര്‍ക്കാ ദത്തിന്റെ ട്വീറ്റ് ഉപയോഗിച്ചാണ് പിടിഐ അവരുടെ ട്വിറ്റര്‍ പേജിലൂടെ ഇന്ത്യയെ നാണം കെടുത്തിയത്.
ഇസ്ലാമാബാദ്: പാകിസ്താനിലെ ബാല്‍കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം കര്‍ണാടകയില്‍ 22 സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിയെ സഹായിക്കുമെന്ന മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ പരാമര്‍ശം ബിജെപിയെ മാത്രല്ല രാജ്യത്തെ തന്നെ നാണം കെടുത്തുകയാണ്.
ബിജെപി നേതാവിന്റെ പരാമര്‍ശത്തെ ഇന്ത്യയെ അടിക്കാനുള്ള വടിയാക്കിയിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ).തിരഞ്ഞെടുപ്പ് വിജയത്തിനായി ചിലര്‍ ഇന്ത്യക്കാരെ യുദ്ധത്തിലേക്ക് മനപ്പൂര്‍വ്വം തള്ളിവിടുകയാണെന്നാണ് പിടിഐ ആരോപിച്ചത്. യദ്യൂരപ്പയുടെ പരാമര്‍ശത്തെ അപലപിച്ചുള്ള മാധ്യമ പ്രവര്‍ത്ത ബര്‍ക്കാ ദത്തിന്റെ ട്വീറ്റ് ഉപയോഗിച്ചാണ് പിടിഐ അവരുടെ ട്വിറ്റര്‍ പേജിലൂടെ ഇന്ത്യയെ നാണം കെടുത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രമായി യുദ്ധത്തെ ഉപയോഗിക്കുന്നുവെന്ന് അരമണിക്കൂറിനു ശേഷം പിടിഐ മറ്റൊരു ട്വീറ്റ് കൂടി പോസ്റ്റ് ചെയ്തിരുന്നു.
ബിജെപി നേതാവ് യദ്യൂരപ്പയുടെ പരാമര്‍ശത്തിലൂടെ ഇന്ത്യയെ ഭിന്നിപ്പിക്കുന്ന രാജ്യമായി ഉയര്‍ത്തിക്കാട്ടാന്‍ പാകിസ്താന് അവസരം നല്‍കി. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള സംഘര്‍ഷം ബിജെപിയുടെ തിരഞ്ഞെടുപ്പ് പദ്ധതിയുടെ ഭാഗമാണെന്നും പുല്‍വാമ ആക്രമണത്തിന്റെ തിരിച്ചടിയല്ലെന്നും അവര്‍ പ്രചരിപ്പിക്കുകയാണ്.
പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കര്‍ണാടകത്തില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് നേടാനും സഹായിക്കുമെന്നായിരുന്നു യദ്യൂരപ്പ പറഞ്ഞത്.
ഓരോ ദിനം കഴിയുംന്തോറും അന്തരീക്ഷം ബിജെപിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനകത്ത് കയറി ഭീകര ക്യാംപുകള്‍ തകര്‍ത്തതോടെ രാജ്യത്ത് മോദിക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. കര്‍ണാടകത്തില്‍ ആകെയുള്ള 28 സീറ്റില്‍ 22 ലധികം സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ ഇത് സഹായിക്കുമെന്നുമായിരുന്നു യദ്യൂരപ്പയുടെ വിവാദ പരാമര്‍ശം.