കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ ശേഷിയില്ല; യുപിയിലെ മുസ്ലിം കേന്ദ്രങ്ങളെ ഇളക്കിമറിച്ച് മഹാസഖ്യ റാലി

മുസ്ലിം ഭൂരിപക്ഷ കേന്ദ്രമായ ദയൂബന്തില്‍ നടന്ന റാലിയില്‍ ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ലോക്ദള്‍ പ്രസിഡന്റ് അജിത് സിങ് എന്നിവര്‍ അണി നിരന്നു.

Update: 2019-04-07 12:49 GMT

ലഖ്‌നോ: കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരു പോലെ കടന്നാക്രമിച്ച് യുപിയില്‍ മഹാസഖ്യത്തിന്റെ ആദ്യ സംയുക്ത റാലി. മുസ്ലിം ഭൂരിപക്ഷ കേന്ദ്രമായ ദയൂബന്തില്‍ നടന്ന റാലിയില്‍ ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ലോക്ദള്‍ പ്രസിഡന്റ് അജിത് സിങ് എന്നിവര്‍ അണി നിരന്നു.

പതിനായിരങ്ങള്‍ സംബന്ധിച്ച മഹാസമ്മേളനത്തില്‍ സംസാരിക്കവേ, കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. മാറ്റം കൊണ്ടുവരാനൊന്നും കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയങ്ങള്‍ വെറുപ്പില്‍ അധിഷ്ടിതമാണെന്ന് മായാവതി പറഞ്ഞു. മാസം 6000 രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയില്‍ വീഴരുത്. 6000 രൂപയ്ക്ക് പകരം ജനങ്ങള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലിയാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും മായാവതി വ്യക്തമാക്കി. എത്ര തന്നെ ചൗക്കീദാര്‍മാര്‍ വന്നാലും ബിജെപിയെ ഇക്കുറി രക്ഷിക്കാനാവില്ല.

കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള ശേഷിയില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്, പ്രത്യേകിച്ച് മുസ്ലിംകളോട്. മഹാസഖ്യത്തിന് മാത്രമേ ബിജെപിക്കെതിരേ പൊരുതാന്‍ സാധിക്കൂ. കോണ്‍ഗ്രസിനും ഇതറിയാം. എന്നാല്‍, തങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും മഹാസഖ്യം ജയിക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ മന്ത്രം-മായാവതി പറഞ്ഞു.



കോണ്‍ഗ്രസും മഹാസഖ്യവും എന്‍ഡിഎയും ഉള്‍പ്പെടുന്ന ത്രികോണ മല്‍സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് ബിജെപിക്കെതിരായ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുമോ എന്ന ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരമാവധി മുസ്ലിം വോട്ടുകള്‍ അനുകൂലമാക്കാന്‍ ലക്ഷ്യമിട്ട് മുസ്ലിം കേന്ദ്രമായ ദയൂബന്തില്‍ തന്നെ മഹാസഖ്യത്തിന്റെ ആദ്യ റാലി സംഘടിപ്പിച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുള്ള സഹാറന്‍പൂരിലെ ഹൃദയനഗരമായ ദയൂബന്തിലാണ് പ്രമുഖ മുസ്ലിം മതപാഠശാലയായ ദാറുല്‍ ഉലൂം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിലും സമീപ പ്രദേശങ്ങളിലും മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്.

ബിജെപിക്ക് സ്വാധീനിക്കാവുന്നവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നതെന്ന് മായാവതി ആരോപിച്ചു. ബിജെപിക്കെതിരായ നിങ്ങളുടെ വോട്ടുകള്‍ ഭിന്നിക്കരുതെന്നും അവര്‍ പറഞ്ഞു.

2011ലെ സെന്‍സസ് പ്രകാരം ഉത്തര്‍പ്രദേശിലെ മുസ്ലിം ജനസംഖ്യ 20 ശതമാനത്തോളമാണ്. മുസ്ലിം വോട്ടുകളില്‍ വലിയൊരു ശതമാനം സമാജ്‌വാദി പാര്‍ട്ടിക്കാണ് ലഭിക്കാറുള്ളതെന്ന് മുന്‍കണക്കുകള്‍ തെളിയിക്കുന്നു. 

Tags:    

Similar News