മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് മായാവതി
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80 സീറ്റിലും പരാജയപ്പെട്ടതിന് പിന്നാലെ മുസ്‌ലിംകള്‍ക്ക് ഇനി സീറ്റ് നല്‍കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടും തന്റെ പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് മായാവതി പറഞ്ഞു.
ഭാവിയില്‍ മുസ്‌ലിംകള്‍ക്ക് ടിക്കറ്റ് നല്‍കുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുമെന്നും, അങ്ങനെ തന്റെ പാര്‍ട്ടിക്ക് ഇത്തവണ ഉണ്ടായത് പോലെ നഷ്ടം സംഭവിക്കാതിരിക്കുമെന്നും ബിഎസ്പി പ്രസ്താവനയില്‍ പറഞ്ഞു.തന്റെ പാര്‍ട്ടിയുടെ ഭേദപ്പെട്ട പ്രകടനത്തിന് ദലിത് വിഭാഗം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. പിന്തുണക്ക് ദലിത് സമുദായത്തോട് നന്ദി പറയുകയാണ്. ബിആര്‍ അംബേദ്കറിന്റെ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും മായാവതി പറഞ്ഞു.
കനത്ത ചൂട് യുപിയിലെ വോട്ടിങ് ശതമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കാലാവസ്ഥ കൂടി കമീഷന്‍ പരിഗണിക്കണം. വോട്ടെടുപ്പ് ദീര്‍ഘകാലത്തേക്ക് നീളരുതെന്നും മായാവതി ആവശ്യപ്പെട്ടു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് പൂജ്യം സീറ്റാണ് കിട്ടിയത്. 2019ല്‍ അഖിലേഷ് യാദവിനൊപ്പം സഖ്യമായി മത്സരിച്ചപ്പോള്‍ 10 സീറ്റ് നേടാന്‍ മായാവതിക്ക് സാധിച്ചിരുന്നു.