ലഖ്‌നോ: ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) അധ്യക്ഷ മായാവതി തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. 2019 ലെ മായാവതിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രമുഖ മുഖമായ പാര്‍ട്ടിയുടെ ദേശീയ കോഓഡിനേറ്ററാണ് ആകാശ് ആനന്ദ്. പാര്‍ട്ടി ഭാരവാഹികള്‍ പങ്കെടുത്ത സുപ്രധാന പാര്‍ട്ടി യോഗത്തിലാണ് മായാവതി ഇക്കാര്യം അറിയിച്ചത്. രാജവംശ രാഷ്ട്രീയത്തിന്റെ വലിയ വിമര്‍ശകയായ മായാവതി 2019ല്‍ തന്റെ സഹോദരന്‍ ആനന്ദ് കുമാറിനെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കുകയും അനന്തരവന്‍ ആകാശിനെ ദേശീയ കോഓര്‍ഡിനേറ്ററാക്കുകയും ചെയ്തു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 28 കാരനായ ആകാശ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതിനുമുമ്പ് ആകാശ് ആനന്ദ് ഒന്നിലധികം ബിഎസ്പി പരിപാടികളില്‍ കാണുകയും 2017 ലെ ഉത്തര്‍പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മായാവതിക്കൊപ്പം ഉണ്ടാവുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആനന്ദിന് നല്‍കിയതായി ബിഎസ്പി നേതാവ് ഉദയ് വീര്‍ സിങ് പറഞ്ഞു. പാര്‍ലിമെന്റില്‍ തീവ്രവാദി വിളി ഉള്‍പ്പെടെയുള്ള അധിക്ഷേപത്തിനിരയായ ലോക്‌സഭാ എംപി ഡാനിഷ് അലിയെ ബിഎസ്പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ പിന്‍ഗാമി പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള പ്രമേയത്തില്‍ പ്രതിഷേധിച്ച് മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച ലോക്‌സഭാ നടപടികളില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് ഡാനിഷ് അലിയെ സസ്‌പെന്‍ഡ് ചെയ്തത്.