മായാവതിക്കെതിരെയുള്ള വിമര്‍ശനങ്ങളെ സമീപിക്കുമ്പോള്‍ ജാതി എന്ന ഘടകത്തെ മാറ്റി നിര്‍ത്താനാവില്ല
പ്രശാന്ത് കോളിയൂര്‍
മായാവതിയെക്കുറിച്ചോ ബിഎസ്പിയെക്കുറിച്ചോ കേവല ധാരണപോലും ഇല്ലാത്തവര്‍ വരെ യുപിയിലെ ഇലക്ഷന്‍ റിസള്‍ട്ടുമായി ബന്ധപ്പെട്ട് അവരെ വളരെ തരംതാഴ്ത്തി ചിത്രീകരിക്കുന്നുണ്ട്. മായാവതിക്ക് ബിജെപി നിയന്ത്രിക്കുന്ന അന്വേഷണ ഏജന്‍സികളെ പേടിയാണെന്നതാണ് ചിലയിടത്ത് കണ്ട ഒരു വാദം. അതിനാല്‍ അവര്‍ എസ്പിയെ തോല്‍പ്പിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തി എന്നാണ് പറഞ്ഞ് വയ്ക്കുന്നത്.
ബിജെപി അന്വേഷണ ഏജന്‍സികളെയും ഗവര്‍ണര്‍മാരെയും എല്ലാം ഉപയോഗിച്ച് ഫെഡറല്‍ രീതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സമയം. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ 2016ല്‍ കേന്ദ്രം പുറത്താക്കുന്നു. 2016 മാര്‍ച്ച് അവസാനം ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ബിജെപി തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. ശേഷം ഗവര്‍ണറെ പാവയാക്കി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
എന്നാല്‍ അവിശ്വാസ പ്രമേയം പാസ്സായില്ല. പ്രമേയം അവതരിപ്പിക്കുന്നതിന് തലേദിവസം മായാവതിയുടെ പ്രസ്താവന വന്നു. 'ഞങ്ങള്‍ വര്‍ഗ്ഗീയ ശക്തികളെ എതിര്‍ക്കും. ഞങ്ങളുടെ രണ്ട് എംഎല്‍എമാരും സഭയിലെത്തും കോണ്‍ഗ്രസിന് വോട്ട് ചെയ്യും.' ഇങ്ങനെയായിരുന്നു മായാവതിയും ചെറു പ്രസ്താവന. അങ്ങനെ ഹരീഷ് റാവത്തിന് 33 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. വിജയിച്ചേ ശേഷം അദ്ദേഹം മായാവതിക്ക് അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി. എന്തേ മായാവതിക്ക് അന്ന് ഇഡിയെയും സിബിഐഎയും പേടിയില്ലായിരുന്നോ?
2018ലെ കര്‍ണാടക നിയമസഭയില്‍ ആദ്യഘട്ടത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് ജനതാദള്‍ സര്‍ക്കാര്‍ ഉണ്ടാകാന്‍ കാരണം തന്നെ മായാവതിയായിരുന്നു. 80 സീറ്റ് ജയിച്ച കോണ്‍ഗ്രസ് വെറും 37 സീറ്റ് മാത്രം കയ്യിലുണ്ടായിരുന്ന കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ബിഎസ്പിയുടെ ഇടപെല്‍ കൊണ്ടാണ്. സംസ്ഥാനത്തെ ഏക ബിഎസ്പി എംഎല്‍എ അങ്ങനെ മന്ത്രിയുമായി. ഇതിനാലാണ് പിന്നീട് ബിജെപിക്ക് അവിടെ നൂറ് കോടിവരെ തലവരി എറിഞ്ഞ് എംഎല്‍എമാരെ വാങ്ങി അട്ടിമറി നടത്തേണ്ടിവന്നത്.
രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മായാവതി പിന്തുണ നല്‍കിയത്. എന്നാല്‍ പിന്നീട് ബിഎസ്പി എംഎല്‍എമാര്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് കോണ്‍ഗ്രസിനെ ചതിയന്മാരുടെ പാര്‍ട്ടി എന്ന് മായാവതി വിശേഷിപ്പിച്ചു.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഒരു വര്‍ഷവും മൂന്ന് മാസവും ഭരിച്ചതും ബിഎസ്പിയുടെ പിന്തുണയോടെ ആണ്. അവിടെയും പിന്നീട് അട്ടിമറി നടന്നു.
മുകളിപ്പറഞ്ഞ നാല് സംസ്ഥാനങ്ങളിലെങ്കിലും ബിജെപിയെ പുറത്താക്കാന്‍ മായാവതി ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വസ്തുതകള്‍ ഇങ്ങനായിരിക്കെ ഇവയെ പാടെ അവഗണിച്ച് മായാവതിയെ ലക്ഷ്യംവയ്ക്കുന്നവരുടെ വിമര്‍ശനരീതിയില്‍ പ്രശ്‌നമുണ്ട്. മായാവതി മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കി എന്നത് വരെ ഒരു കുറ്റമായി ആരോപിക്കപ്പെടുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് ഒരു സീറ്റുപോലും നല്‍കാത്ത ബിജെപിയെ ഇത്തരം വിമര്‍ശകര്‍ എങ്ങനെയാകും വിലയിരുത്തുക എന്ന് മനസിലാകുന്നില്ല. മായാവതിക്കെതിരെയുള്ള വിമര്‍ശനങ്ങളെ സമീപിക്കുമ്പോള്‍ ജാതി എന്ന ഘടകത്തെ മാറ്റി നിര്‍ത്താനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് പല എഴുത്തുകളും.