യുപി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്‌തെങ്കിലും മായാവതി പ്രതികരിച്ചില്ല; രാഹുല്‍ഗാന്ധി
ലഖ്‌നോ: യുപി തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ്സ് ശ്രമിച്ചെങ്കിലും മായാവതി സഹകരിച്ചില്ലെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സിബിഐ, ഇ ഡി, പെഗസസ് ഭീതിയാണ് മായാവതിയുടെ ഭീതിക്കു പിന്നിലെന്നും രാഹുല്‍ ആലോപിച്ചു.
ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 403ല്‍ ആകെ 2 സീറ്റാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. വോട്ട് വിഹിതത്തില്‍ 2.5 ശതമാനം. 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.
ബിഎസ്പിക്ക് ഒരു സീറ്റും 13 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലായിരുന്നു ഇത്തവണത്തെ മല്‍സരം. ബിഎസ്പിയുടെ 72 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി.
'ദ ദളിത് ട്രൂത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഭരണഘടന ഒരു ആയുധമാണെന്നും എന്നാല്‍ ആര്‍എസ്എസ് പിടിച്ചെടുത്ത ഭരണഘടനാ സ്ഥാപനങ്ങളുടെ അഭാവത്തില്‍ അത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം ആക്രമണങ്ങള്‍ പുതിയതല്ലെന്നും മഹാത്മാഗാന്ധി വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ട ദിവസമാണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.അഴിമതി നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും സിബിഐയും ഇഡിയുമാണ് രാഷ്ട്രീയ വ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്നും ഗാന്ധി പറഞ്ഞു.
'ഞങ്ങള്‍ മായാവതിയുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം കൈമാറി. അവര്‍ക്ക് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തു. പക്ഷേ, അവര്‍ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല'- രാഹുല്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ ദലിതന്റെ ശബ്ദം പുറത്തെത്തിച്ചതില്‍ ബിഎസ്പി നേതാവ് കാന്‍ഷിറാമിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ആ കാലം കോണ്‍ഗ്രസ്സിന് കഷ്ടകാലമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.