ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പ്: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കിടെ ബിജെപിക്ക് കനത്ത തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ സോണിപട്ടിലെയും അംബാലയിലെയും മേയര്‍ പദവികള്‍ ഭരണ സഖ്യത്തിന് നഷ്ടമായി.

Update: 2020-12-30 13:01 GMT

ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ അയല്‍സംസ്ഥാനമായ ഹരിയാനയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ സോണിപട്ടിലെയും അംബാലയിലെയും മേയര്‍ പദവികള്‍ ഭരണ സഖ്യത്തിന് നഷ്ടമായി.

ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിക്ക് പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ കാലിടറി. ഹിസാറിലെ ഉകലാന, റെവാരിയുടെ ധരുഹേര എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയംനുണഞ്ഞത്.

അംബാല, പഞ്ചകുള, സോണിപത്, രേവാരിയിലെ ധരുഹേര, റോഹ്തകിലെ സാംപ്ല, ഹിസാറിലെ ഉക്ലാന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് തദ്ദേശതിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

14,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സോണിപത്തില്‍ ജയിച്ച് കയറിയത്. നിഖില്‍ മദന്‍ സോണിപത്തില്‍ മേയറാകും. പുതിയ കാര്‍ഷിക നിയമങ്ങളോടുള്ള നീരസമാണ് ബിജെപിയുടെ തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.

Tags:    

Similar News