മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 3.92 ലക്ഷം പേര്‍; 2021ല്‍ മാത്രം 1.63 ലക്ഷം
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാലുലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍. മൂന്നുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 2021ലാണ്. 3,92,643 പേരാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 1,44,017 പേരാണ് ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വച്ചത്. 1,63,370 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം പൗരത്വം ഉപേക്ഷിച്ചത്. 2020 ല്‍ 85,256 പേരാണ് ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവച്ചത്.
ഏറ്റവുമധികം ആളുകള്‍ പൗരത്വം ഉപേക്ഷിച്ച് പോയിരിക്കുന്നത് അമേരിക്കയിലേക്കാണ്. ഘാന പോലെ ചെറുരാജ്യങ്ങളിലേക്ക് പോലും ആളുകള്‍ കുടിയേറുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. പൗരത്വം ഉപേക്ഷിച്ചതില്‍ 43 ശതമാനം ആളുകളും അമേരിക്കയിലേക്കാണ് കുടിയേറിയത്. 2020ല്‍ 30,828 പേര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചെങ്കില്‍ 2021ല്‍ 78,284 പേരായി ഇത് വര്‍ധിച്ചു. 2019ല്‍ 61,683 ഇന്ത്യക്കാരാണ് യുഎസ് പൗരത്വം സ്വീകരിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ മുന്‍ഗണന കൊടുക്കുന്നത് ആസ്‌ത്രേലിയക്കാണ്. 2021ല്‍ ഇവിടുത്തെ പൗരത്വം ലഭിക്കാനായി 23,533 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. കാനഡ (21,597), യുകെ (14,637), ഇറ്റലി (5,986), ന്യൂസിലന്‍ഡ് (2,643), സിംഗപ്പൂര്‍ (2,516), ജര്‍മനി (2,381), നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍ (1,841) എന്നീ രാജ്യങ്ങളിലേക്കാണ് പിന്നീട് കൂടുതല്‍ ഇന്ത്യക്കാരെത്തുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയിലായിരിക്കെ 326 ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിക്കുകയും അല്‍ബേനിയ, ഫ്രാന്‍സ്, മാള്‍ട്ട, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍, ആന്റിഗ്വ, ബാര്‍ബുഡ, ബഹ്‌റൈന്‍, ബെല്‍ജിയം, സൈപ്രസ്, അയര്‍ലന്‍ഡ്, ഗ്രെനഡ, ജോര്‍ഡന്‍, മൗറീഷ്യസ്, നോര്‍വേ, സിംഗപ്പൂര്‍, സ്‌പെയിന്‍, ശ്രീലങ്ക, വനുവാട്ടു തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്തു. 2015നും 2021 നും ഇടയിലുള്ള ഏഴ് വര്‍ഷ കാലയളവില്‍ 9.24 ലക്ഷത്തിലധികം ആളുകളാണ് അവരുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വലിയ തോതില്‍ അതിസമ്പന്നരായ ആളുകളും പൗരത്വം ഉപേക്ഷിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോയി അവിടെ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. നിക്ഷേപങ്ങള്‍ക്ക് പകരം പൗരത്വം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. 2017ല്‍ ആന്റിഗ്വന്‍ പൗരത്വം നേടിയ പ്രമുഖ ഇന്ത്യക്കാരനാണ് വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി. ലോക്‌സഭയില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എംപിയായ ഹാജി ഫസ്‌ലുര്‍റഹ്മാന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ് റായ് വിവരങ്ങള്‍ നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് കേന്ദ്രമന്ത്രി നല്‍കിയ മറുപടി.