ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെകൂടുന്നു; 2021ല്‍ മാത്രം പൗരത്വം ഉപേക്ഷിച്ചവര്‍ 1.6 ലക്ഷം പേര്‍, കൂടുതല്‍ പേരും പോയത് ഈ രാജ്യത്തേക്ക്

ലോക്‌സഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എം പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

Update: 2022-07-19 18:41 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്‌സഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എം പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അവരില്‍ 1.70 ലക്ഷം പേരും അമേരിക്കന്‍ പൗരത്വമാണ് സ്വീകരിച്ചതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചു.

2019, 2020, 2021 വര്‍ഷങ്ങളില്‍ 3,92,643 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതില്‍ 1,70,795 പേര്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. 2020ല്‍ 30,828 പേരാണ് അമേരിക്കയില്‍ പൗരത്വം നേടിയത്. 2021ല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ 78,284 പേരാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. രണ്ടാം സ്ഥാനത്ത് ആസ്‌ത്രേലിയ ആണ് 58,391.

പഠനത്തിനും മികച്ച ജീവിത സൗകര്യങ്ങള്‍ക്കുമായി കൂടുതല്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുത്തിരുന്ന രാജ്യമായിരുന്നു കാനഡ. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം കാനഡ മൂന്നാം സ്ഥാനത്താണ്. 21,597 പേരാണ് 2021ല്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്.

2021ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 1,63,370 പേരാണ് ഇക്കാലയളവില്‍ പൗരത്വം ഉപക്ഷിച്ചത്. 2020ല്‍ 85,256 പേരും ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ചവരാണ്. 2019ല്‍ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്.

വ്യക്തിപരമായ കാരണങ്ങളാല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാര്‍ ഏകദേശം 120ല്‍ അധികം രാജ്യങ്ങളിലായി പൗരത്വം നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.


രാജ്യങ്ങളും കണക്കുകളും:

1) യുഎസ്: 2021- 78,284 (2020- 30,828)

2) ആസ്‌ത്രേലിയ: 2021- 23,533 (2020 - 13,518)

3)കാനഡ: 2021- 21,597 (2020 - 17,093)

4)യു.കെ: 2021 - 14,637 (2020 - 6489)

5)ഇറ്റലി: 2021- 5986 (2020 2312)

6)ന്യൂസിലാന്‍ഡ്: 2021- 2643 (2020 - 2116)

7)സിംഗപ്പൂര്‍: 2021 -2516 (2020 - 2289)

8) ജര്‍മനി: 2021 - 2381 (2020 - 2152)

9)നെതര്‍ലന്‍ഡ്‌സ്: 2021 - 2187 (2020- 1213)

10)സ്വീഡന്‍: 2021 - 1,841 (2020- 1046)

Tags:    

Similar News