യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് ഭൂകമ്പം
2014ല്‍ ബിജെപി നിര്‍മിച്ചെടുത്ത സാമൂഹിക സഖ്യങ്ങളുടെ അടിത്തറ തന്നെ ഇളക്കുന്ന ഭൂകമ്പമായിരിക്കും അതെന്നാണ് വിവിധ രൂപത്തിലുള്ള കണക്കുകള്‍ വിലയിരുത്തി ആന്ത്രോ(anthro.ai) എന്ന വെബ്‌സൈറ്റ് പ്രവചിക്കുന്നത്.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയെന്ന് വിലയിരുത്തല്‍. 2014ല്‍ ബിജെപി നിര്‍മിച്ചെടുത്ത സാമൂഹിക സഖ്യങ്ങളുടെ അടിത്തറ തന്നെ ഇളക്കുന്ന ഭൂകമ്പമായിരിക്കും അതെന്നാണ് വിവിധ രൂപത്തിലുള്ള കണക്കുകള്‍ വിലയിരുത്തി ആന്ത്രോ(anthro.ai) എന്ന വെബ്‌സൈറ്റ് പ്രവചിക്കുന്നത്.
2014ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ യുപിയില്‍ എന്‍ഡിഎ സഖ്യത്തിന് 73 സീറ്റുകളും 41 ശതമാനം വോട്ടുകളും ലഭിച്ചിരുന്നു. പിന്നാലെ 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ര തന്നെ വോട്ട് ശതമാനം നേടി എന്‍ഡിഎ 325 സീറ്റുകള്‍ തൂത്തുവാരി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ കാറ്റ് തികച്ചും ബിജെപിക്ക് പ്രതികൂലമാണ്. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യം 40 മുതല്‍ 55 സീറ്റുകള്‍ വരെ നേടുമെന്നാണ് കണക്കുകള്‍. ബിജെപിക്ക് 15 മുതല്‍ 25 വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. നേരത്തേ 30 സീറ്റുകള്‍ക്ക് വരെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, പുതിയ ട്രെന്‍ഡ് കാണിക്കുന്നത് ഏറ്റവും കുറഞ്ഞ നിലയിലേക്ക് പോവാനുള്ള സാധ്യതയാണ്.
ബിജെപിയുടെ വോട്ട് ശതമാനം മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ കുറയും. 2014ല്‍ യാദവന്മാരാല്ലാത്ത ഒബിസി വിഭാഗത്തിന്റെയും ജാതവന്മാരല്ലാത്ത ദലിതുകളുടെയും വോട്ടുകള്‍ സമാഹരിക്കുന്നതില്‍ അമിത് ഷാ വിജയിച്ചിരുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന ഭാരവാഹികളെയും സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുത്ത് കൊണ്ടാണ് ഇത് സാധ്യമാക്കിയത്. ഇതോടൊപ്പം കാലങ്ങളായി ബിജെപിയോടൊപ്പം നില്‍ക്കുന്ന മേല്‍ജാതി വോട്ടുകളും ചേര്‍ന്നാണ് ബിജെപിയെ വിജയത്തിലേക്കു നയിച്ചത്.
എന്നാല്‍, ഇന്ധിരാഗാന്ധിക്കു ശേഷം അധികാരം ഏറ്റവുമധികം കേന്ദ്രീകരിക്കപ്പെട്ട കാലമായിരുന്നു മോദി ഭരണത്തില്‍ കണ്ടത്. ഇതോടെ എംപിമാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാതായി. യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദവിയിലേക്കുള്ള ഒട്ടും പ്രതീക്ഷിക്കാത്ത വരവ് പിന്നാക്ക ജാതിക്കാരെ അമ്പരപ്പിച്ചിരുന്നു. താക്കൂര്‍മാരുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് പിന്നാക്ക ജാതിക്കാരിലും ഒപ്പം ബ്രാഹ്മണ വിഭാഗത്തിലും അതൃപ്തി ഉണ്ടാക്കിയതായാണ് വ്യക്തമാവുന്നത്.
കുര്‍മികളും കുശ്വാഹകളും ഇത്തവണ ബിജെപിയെ കൈയൊഴിഞ്ഞു. ഇവരുടെ സ്വാധീനമേഖലകളില്‍ പോളിങ് വര്‍ധിച്ചത് ഈ വോട്ടുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിന് പോയതായി വ്യക്തമാക്കുന്നു. നിഷാദ് സമൂഹത്തിലും ബിജെപിയോടുള്ള എതിര്‍പ്പ് വ്യക്തമാണ്. അഞ്ച് വര്‍ഷം കേന്ദ്രത്തിലും രണ്ട് വര്‍ഷം സംസ്ഥാനത്തും അധികാരത്തിലിരുന്നിട്ടും അയോധ്യ വിഷയത്തില്‍ ഒന്നും ചെയ്യാത്തത് രാമക്ഷേത്രത്തിന് വേണ്ടി വാദിക്കുന്നവരുടെ അനിഷ്ടത്തിനിടയാക്കിയിട്ടുണ്ട്.
സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പാണ് സംസ്ഥാനത്ത് ദൃശ്യമാവുന്ന മറ്റൊരു പ്രധാന സവിശേഷത. ജാതി, സാമൂദായിക ഭിന്നതകള്‍ മറന്ന് 2014ല്‍ ഒരു വലിയ വിഭാഗം സ്ത്രീകള്‍ നരേന്ദ്ര മോദിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. നല്ല ദിനം വരുമെന്ന വാഗ്ദാനമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. എന്നാല്‍, നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് അവര്‍ക്ക് നല്‍കിയത്. ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും പണമില്ലാത്ത സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്.
ആശയ വിനിമയ വിദഗ്ധഗ്ധര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, നരവംശ ശാസ്ത്രജ്ഞര്‍, ഗണിതശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്നുള്ള വിവരങ്ങളുടെയും പൊതുജനങ്ങളുമായുള്ള ആശയ വിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. യുപിയിലെ ഓരോ മണ്ഡലങ്ങളുടെയും വിശദമായ പ്രവചനം മെയ് 19ന് ശേഷം പുറത്തുവിടുമെന്ന് ആന്ത്രോ വെബ്‌സൈറ്റ് അറിയിച്ചു.