ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന് മുസ്‌ലിം ലീഗിന്റെ താക്കീത്
കോഴിക്കോട്: ആര്‍എസ്എസ്സിന്റെ ഉടമസ്ഥതയിലുള്ള കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ അഡ്വ. കെ എന്‍ എ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇതുസംബന്ധിച്ച് പാര്‍ട്ടി കെ എന്‍ എ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദര്‍ പാര്‍ട്ടിക്ക് നല്‍കിയ ദീര്‍ഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചര്‍ച്ച ചെയ്തു.
ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ മാത്രം കണ്ട് ഇതില്‍ പങ്കെടുത്തതില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ കെ എന്‍ എ ഖാദറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധക്കുറവുമാണെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടി അംഗങ്ങള്‍ ഏത് വേദിയില്‍ പങ്കെടുക്കുമ്പോഴും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങള്‍ നടത്തുമ്പോഴും മുസ്‌ലിം ലീഗിന്റെ നയ, സമീപനങ്ങള്‍ക്കും സംഘടനാ മര്യാദകള്‍ക്കും വിരുദ്ധമാവാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും കണിശതയും പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേസരി ഭവനില്‍ മാധ്യമപഠനകേന്ദ്രത്തിന്റെ കാംപസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം സജീവമായി. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുവര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെ എന്‍ എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്.
ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ നന്ദകുമാര്‍ പരിപാടിയില്‍ കെ എന്‍ എ ഖാദറിനെ പൊന്നാടയണിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ എന്‍ എ ഖാദര്‍ തുറന്നുപറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തുകൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പരിപാടിയില്‍ പ്രസംഗിക്കുന്നതിന്റെയും പൊന്നാട സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കെ എന്‍ എ ഖാദറിനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്.