തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്റെ സ്ഥാപനങ്ങളിലും ഐടി റെയ്ഡ്
തേനംപെട്ടി, നീലങ്കരൈ എന്നിവിടങ്ങളില്‍ സ്റ്റാലിന്റെ മകള്‍ക്കുളള വീടുകളില്‍ ആണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഡിഎംകെ തലവന്‍ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്റെ സ്ഥാപനങ്ങളിലും ആദായ നികുതി (ഐടി) വകുപ്പിന്റെ റെയ്ഡ്. എട്ടു സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. അതില്‍ നാലെണ്ണവും സ്റ്റാലിന്റെ മകള്‍ സെന്താമരൈ, മരുമകന്‍ ശബരീശന്‍ എന്നിവരുടെ ചെന്നൈയിലുളള വീടുകളും സ്ഥാപനങ്ങളുമാണ്.
തേനംപെട്ടി, നീലങ്കരൈ എന്നിവിടങ്ങളില്‍ സ്റ്റാലിന്റെ മകള്‍ക്കുളള വീടുകളില്‍ ആണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് വിവരം. ഡിഎംകെയുടെ ഐടി വിഭാഗത്തിലെ കാര്‍ത്തിക് മോഹന്‍ അടക്കമുളളവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ചില പരിശോധനകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പരിശോധനകളില്‍ ഇതുവരെ പണമോ രേഖകളോ പിടിച്ചെടുത്തിട്ടില്ല. ഐടി നടപടിക്കെതിരേ എം കെ സ്റ്റാലിന്‍ മുന്നോട്ട് വന്നിട്ടുണ്ട്. താന്‍ എം കെ സ്റ്റാലിന്‍ ആണ്. ഈ സ്റ്റാലിന്‍ അടിയന്തരാവസ്ഥയേയും മിസയേയും നേരിട്ടിട്ടുണ്ട്. ഈ ഐടി വകുപ്പിന്റെ പരിശോധനകള്‍ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താനാവില്ല. തങ്ങള്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസ്സിലാക്കണം എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്.