യുക്രെയ്ൻ: യുഎൻ രക്ഷാസമിതിയിലെ റഷ്യൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

റഷ്യയുടെയും ചൈനയുടെയും വോട്ട് മാത്രമാണു പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.

Update: 2022-03-24 17:45 GMT

ന്യൂയോർക്ക്: യുക്രെയ്നിലെ മാനുഷിക പ്രതിസന്ധി സംബന്ധിച്ച റഷ്യയുടെ പ്രമേയത്തിൻമേലുള്ള ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. അതേസമയം, അനുകൂലമായി രണ്ട് വോട്ട് മാത്രം ലഭിച്ച പ്രമേയം പരാജയപ്പെട്ടു.

റഷ്യയുടെയും ചൈനയുടെയും വോട്ട് മാത്രമാണു പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. കരട് പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല ന്യൂയോർക്കിൽ എത്തിയിരുന്നു.

"വിദേശകാര്യ സെക്രട്ടറി ഹെർഷ്‌വർധൻ ശൃംഗ്ലയെ ന്യൂയോർക്കിൽ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. യുഎന്നും അറബ് രാജ്യങ്ങളുടെ ലീഗും തമ്മിലുള്ള സഹകരണം സംബന്ധിച്ച യുഎൻ രക്ഷാസമിതി യോഗത്തിൽ വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും," യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി, ശൃംഗ്ല എത്തിനു മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

ഗ്രീസ്, ഒമാൻ രാജ്യങ്ങളിലേത് ഉൾപ്പെടെ നിരവധി വിദേശകാര്യ മന്ത്രിമാർ ഇന്ത്യ സന്ദർശിക്കുന്ന സന്ദർഭത്തിൽ ശൃംഗ്ല ന്യൂയോർക്കിലേക്കു പോയത് പ്രമേയത്തിന് ഇന്ത്യ നൽകിയ പ്രാധാന്യമാണു വ്യക്തമാക്കുന്നത്.

നേരത്തെ, യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണം സംബന്ധിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷനെ അടിയന്തരമായി നിയമിക്കുന്നതിനായി യുഎൻ മനുഷ്യാവകാശ സമിതി നടത്തിയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതെ് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

47 അംഗ സമിതിയിൽ ഇന്ത്യക്കൊപ്പം ചൈന, പാകിസ്താൻ, സുഡാൻ, വെനസ്വേല തുടങ്ങിയ 13 രാജ്യങ്ങളാണ് അന്ന് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഫ്രാൻസ്, ജർമനി, ജപ്പാൻ, നേപ്പാൾ, യുഎഇ, യുകെ, യുഎസ് എന്നീ 32 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ റഷ്യയും എറിത്രിയയും എതിർത്തു.

വിഷയത്തിൽ രക്ഷാസമിതിയുടെ രണ്ട് പ്രമേയങ്ങളിൽ നിന്നും പൊതു സഭയിലെ ഒരു പ്രമേയത്തിൽ നിന്നും ഇന്ത്യ നേരത്തെ വിട്ടുനിന്നിരുന്നു.

Similar News