'ഗോദി മീഡിയ'കളെ ബഹിഷ്‌കരിക്കാന്‍ 'ഇന്‍ഡ്യ' സഖ്യം

Update: 2023-09-14 08:51 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ അധികാരത്തില്‍നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്‍ഡ്യ സഖ്യം ഒരു കൂട്ടം മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. മോദി സര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഗോദി മീഡിയകളെ ബഹിഷ്‌കരിക്കാനാണ് ബുധനാഴ്ച ശരദ് പവാറിന്റെ വീട്ടില്‍ ഇന്‍ഡ്യ കോഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രഥമയോഗത്തിലെ തീരുമാനം. ഏതാനും ചാനലുകളെയും ചില അവതാരകരെയും ടിവി ഷോകളെയുമാണ് ബഹിഷ്‌കരിക്കുക. ഏതൊക്കെ മാധ്യമങ്ങളെയാണ് ബഹിഷ്‌കരിക്കേണ്ടത് എന്നതു സംബന്ധിച്ച ലിസ്റ്റ് തയ്യാറാക്കി പ്രതിനിധികള്‍ക്ക് കൈമാറും.

   

Full View

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. അംബാനിയുടെയും അദാനിയുടെയും കരങ്ങളിലൂടെ രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലെയും ഓഹരികള്‍ കൈക്കലാക്കി എന്‍ഡിഎ സര്‍ക്കാരിനും സംഘപരിവാരിനും അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരന്തരം ഉന്നയിച്ചിരുന്നു. ഗോദി മീഡിയ എന്ന പ്രയോഗം തന്നെ ഇതില്‍നിന്നു ഉരുത്തിരിഞ്ഞതാണ്. രാജ്യത്തെ സുപ്രധാനമായ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്‌ക്കെടുത്ത് തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ അജണ്ട സൃഷ്ടിക്കുകയായിരുന്നു. പബ്ലിക് റിലേഷന്‍സിന്റെ ഭാഗമായി കോടികള്‍ ഉപയോഗിച്ച് സര്‍ക്കാരിനെ പുകഴ്ത്തുന്ന നിരവധി മാധ്യമങ്ങളാണ് ഏഴുവര്‍ഷത്തിനിടെ ഉണ്ടായത്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല, ചാനല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂം ഗോദി മീഡിയയുടെ സ്വാധീനം ശക്തമായിരുന്നു. സോഷ്്യല്‍ മീഡിയയുടെ കടന്നുവരവോടെ, ആര്‍ക്കും എന്തും പ്രചരിപ്പിക്കാവുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ, വ്യാജപ്രചാരണങ്ങളിലൂടെയും മറ്റും മോദി സര്‍ക്കാരിനെ മഹത്വവല്‍ക്കരിക്കുകയും പ്രതിപക്ഷ കക്ഷികളെ ഇകഴ്ത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത്തരത്തിലൂള്ള കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഡ്യ സഖ്യം മാധ്യമബഹിഷ്‌കരണമെന്ന തീരുമാനത്തിലേക്കെത്തിയതെന്നാണ് റിപോര്‍ട്ട്. പ്രതിപക്ഷ നേതാക്കള്‍ ബഹിഷ്‌കരിക്കേണ്ട ചാനലുകളുടെയും ചര്‍ച്ചകളുടെയും ഷോകളുടെയും അവതാരകരുടെയും വിശദമായ പട്ടിക തയ്യാറാക്കാനാണ് തീരുമാനം. ഒരു വിഭാഗം മാധ്യമങ്ങള്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ഇന്‍ഡ്യ സഖ്യത്തിലെ പല കക്ഷികളും ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ഒരു വിഭാഗം മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും ചെറിയതോതില്‍ മാത്രം വാര്‍ത്ത നല്‍കുകയും ചെയ്തതായി കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മാധ്യമവിവേചനത്തില്‍ പ്രതിഷേധിച്ച് 2019 മെയ് മാസത്തില്‍ കോണ്‍ഗ്രസ് ഒരു മാസത്തേക്ക് ടെലിവിഷന്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചിരുന്നു. നേരത്തേ, കര്‍ഷകപ്രക്ഷോഭ കാലത്തും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെ പ്രചാരണത്തെ തടയാന്‍ കര്‍ഷക സംഘടനകള്‍ ബഹിഷ്‌കരണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായും റിപോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന നടപടികള്‍ ഉടന്‍ ആരംഭിക്കാനും കോഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി.

Tags:    

Similar News