നിജ്ജറിന്റെ കൊലപാതകം: ആറു നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ

അമേരിക്കയിലെ കൊലപാതക ശ്രമം അന്വേഷിക്കുന്ന സമിതി ഇന്ത്യയിലേക്ക്

Update: 2024-10-15 12:09 GMT

ന്യൂഡല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറും അന്വേഷണ പരിധിയിലാണെന്ന കാനഡയുടെ പ്രഖ്യാപനം വലിയ നയതന്ത്ര പ്രതിസന്ധികള്‍ക്ക് കാരണമായിരിക്കുകയാണ്. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയെ ഇന്ത്യ തിരിച്ചു വിളിച്ചു. കൂടാതെ ഇന്ത്യയിലെ കാനഡയുടെ ആറു നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനും തീരുമാനിച്ചു. കനേഡിയന്‍ പൗരനെ കാനഡയില്‍ വച്ച് കൊലപ്പെടുത്തിയതില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഇന്ത്യക്ക് നല്‍കിയതായി ഇന്ത്യയിലെ കാനഡയുടെ നയതന്ത്ര പ്രതിനിധി സ്റ്റിവാര്‍ട്ട് വീലര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രതിയായേക്കുമെന്ന കാനഡയുടെ പ്രഖ്യാപനം ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയെ തിരിച്ചു വിളിച്ച ഇന്ത്യ കാനഡയുടെ ആറു നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനും തീരുമാനിച്ചു. കനേഡിയന്‍ പൗരനെ കാനഡയില്‍ വച്ച് കൊലപ്പെടുത്തിയതില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഇന്ത്യക്ക് നല്‍കിയതായാണ് കാനഡ പറയുന്നത്.

നിജ്ജറിന്റെ കൊലപാതകം

ഇന്ത്യ നിരോധിച്ച സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജര്‍. പഞ്ചാബ് കേന്ദ്രീകരിച്ച് സിഖുകാര്‍ക്കായി ഖലിസ്ഥാന്‍ എന്ന രാജ്യമുണ്ടാക്കണമെന്ന നിലപാടുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്ന നിരോധിത സംഘടനയുടെ നേതാവാണ് ഇയാളെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു.

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൗരത്വം സ്വീകരിച്ച നിജ്ജര്‍ 2023 ജൂണ്‍ പതിനെട്ടിനാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ ഗുരുദ്വാരക്ക് സമീപം വെടിയേറ്റു മരിച്ചത്. കൊലയില്‍ നേരിട്ടു പങ്കെടുത്ത മൂന്നു പേരെ റോയല്‍ കനേഡിയന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി കൊലയാളികള്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

കൊലയാളികളും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നതായി 2023 സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായി. നയതന്ത്ര ഉദ്യോഗസ്ഥരെ കുറക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് 40 ഉദ്യോഗസ്ഥരെ കാനഡ ഒക്ടോബറില്‍ പിന്‍വലിക്കുകയും ചെയ്തു. ഇത് കാനഡയിലേക്ക് തൊഴില്‍-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പോവുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

കനേഡിയന്‍ പോലിസ് ഇപ്പോള്‍ പറയുന്നത് ഇങ്ങനെ '' കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി അന്വേഷിക്കുന്നു. കാനഡയിലും വിദേശത്തുമുള്ള നിരവധി വ്യക്തികളെയും സ്ഥാപനങ്ങളെയും രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യ ഉപയോഗിക്കുന്നതിന് തെളിവുകളുണ്ട്. ഇതില്‍ ചിലരെ ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന വിവരങ്ങള്‍ ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിടാന്‍ ഉപയോഗിക്കുന്നു. വിവരം ഇന്ത്യയെ നേരില്‍ അറിയിച്ചിട്ടുണ്ട്.''

ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സുഖ്ദൂല്‍ സിങ് എന്നയാള്‍ക്ക് നേരെ 2023 സെപ്റ്റംബറില്‍ വെടിവയ്പുണ്ടായിരുന്നു. ഇതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കനേഡിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നതാലി ഡ്രൗണും റോയല്‍ കനേഡിയന്‍ പോലിസ് ഉദ്യോഗസ്ഥരും സിംഗപ്പൂരില്‍ യോഗം ചേര്‍ന്നിരുന്നു.

പ്രതികരണങ്ങള്‍

യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് കാനഡ പറയുന്നതെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയത്. കനേഡിയന്‍ പ്രധാനമന്ത്രിയുടേത് വോട്ട്ബാങ്കിനായുള്ള രാഷ്ട്രീയമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. നയതന്ത്രപ്രതിനിധികള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ ഇപ്പോഴത്തെ കനേഡിയന്‍ സര്‍ക്കാരിന് കഴിയുമെന്നതില്‍ വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കമ്മീഷണറെയും ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. തന്നെ വ്യക്തിപരമായി ആക്രമിച്ച് കാനഡയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഇന്ത്യയുടെ രീതിയെന്ന് ട്രൂഡോയും തിരിച്ചടിച്ചു.

അമേരിക്കയിലെ അന്വേഷണം

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ അമേരിക്കയിലും സമാനമായ അന്വേഷണം നടക്കുന്നുണ്ട്. റോ ഏജന്റായ വിക്രം യാദവിന് ഇതില്‍ പങ്കുണ്ടെന്ന് അമേരിക്ക സംശയിക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പൗരനെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവും വ്യക്തമാക്കി. ഇത് അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ഇന്ത്യ സന്ദര്‍ശിക്കും.

Tags:    

Similar News