ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചിരുന്ന ഭക്ഷ്യ നികുതി എന്ന നയം സ്വതന്ത്ര ഇന്ത്യ തള്ളിക്കളഞ്ഞതാണ്: സിപിഎം

രാജ്യത്തിൻറെ വരുമാനം വർധിപ്പിക്കാനായി സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയല്ല മറിച്ച് രാജ്യത്തെ അതി സമ്പന്നർക്കുമേൽ കൂടുതൽ നികുതി ഏർപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

Update: 2022-07-20 15:38 GMT

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നപ്പോൾ രാജ്യത്തെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന ഭക്ഷ്യ നികുതി എന്ന നയം സ്വതന്ത്ര ഇന്ത്യ തള്ളിക്കളഞ്ഞതാണെന്ന് സിപിഎം. അവശ്യ വസ്തുക്കളുടെ ജിഎസ്ടി വർധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. മുൻകൂട്ടി പായ്ക്ക് ചെയ്ത അരി, ഗോതമ്പ്, പാൽ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളുടെയും ജിഎസ്ടി വർധിപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ.

ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നപ്പോൾ രാജ്യത്തെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന ഭക്ഷ്യ നികുതി എന്ന നയം സ്വതന്ത്ര ഇന്ത്യ തള്ളിക്കളഞ്ഞതാണ്. അതിനുശേഷം ഇത്രയും വർഷക്കാലം അരി, ഗോതമ്പ്, പയറ് വർഗ്ഗങ്ങൾ, തൈര്, പനീർ, മാംസം, മൽസ്യം, ശർക്കര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ഒരിക്കലും നികുതി ചുമത്തിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആചരിക്കുന്ന മോദി സർക്കാരിന്റെ പൗരന്മാർക്കുള്ള 'സമ്മാനം' ഇതാണ്.

ക്രിമറ്റോറിയം ചാർജുകൾ, ആശുപത്രി മുറികൾ, എഴുതാനുപയോഗിക്കുന്ന മഷി തുടങ്ങിയവയും ജിഎസ്ടി വർധിപ്പിച്ച ഇനങ്ങളിൽ ഉൾപ്പെടുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വന്തം സമ്പാദ്യം പിൻവലിക്കാൻ പോലും ബാങ്ക് ചെക്കുകൾക്ക് 18% ജിഎസ്ടി നൽകണം. ഉപഭോക്തൃ വില സൂചിക 7 ശതമാനത്തിന് മുകളിലും മൊത്തവില സൂചിക 15 ശതമാനത്തിന് മുകളിലും നിൽക്കുന്ന സമയത്ത്, വിലക്കയറ്റം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, രൂപയുടെ വിലയിടിവ്, ഉയരുന്ന വ്യാപാരക്കമ്മി, ഇടിയുന്ന ജിഡിപി നിരക്ക് എന്നിവയ്ക്കൊപ്പം കടുത്ത വിലക്കയറ്റവും കാരണം ജനം പൊറുതിമുട്ടിനിൽകുന്ന അവസരത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ കൊടും ക്രൂരത. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇത് സൃഷ്ടിക്കുക.

രാജ്യത്തിൻറെ വരുമാനം വർധിപ്പിക്കാനായി സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയല്ല മറിച്ച് രാജ്യത്തെ അതി സമ്പന്നർക്കുമേൽ കൂടുതൽ നികുതി ഏർപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്. ഈ സാഹചര്യത്തിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ശതകോടീശ്വരന്മാർ നമ്മുടെ രാജ്യത്തിലാണെന്ന് മാത്രമല്ല ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ 2021-2022ൽ 9.3 ലക്ഷം കോടി രൂപയുടെ മൊത്തം ലാഭം റിപോർട്ട് ചെയ്യുകയുമുണ്ടായി. ഇത് മുൻ വർഷത്തേക്കാൾ 70 ശതമാനം കൂടുതലും 2010-2020 ദശകത്തിലെ ശരാശരി ലാഭത്തേക്കാൾ മൂന്നിരട്ടി അധികവുമാണ്.

ഇങ്ങനെയുള്ള അതിസമ്പന്നർക്കുമേൽ നികുതി ചുമത്തുന്നതിന് പകരം അവർക്ക് കൂടുതൽ നികുതി ഇളവുകളും വായ്പാ ഇളവുകളും നൽകുകയാണ് മോദി സർക്കാർ. വലിയ നികുതി നൽകേണ്ടിയിരുന്ന പല ആഡംബര വസ്തുക്കൾക്കും മിതമായ ജിഎസ്ടി മാത്രമാണുള്ളത്. സ്വർണം വാങ്ങുന്നതിന് 3 ശതമാനവും വജ്രത്തിന് 1.5 ശതമാനവും മാത്രം ജിഎസ്ടിയുള്ളപ്പോൾ ഭക്ഷ്യവസ്തുക്കൾക്ക് 5 ശതമാനമോ അതിൽ കൂടുതലോ ജിഎസ്ടിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ വർധനവിനെതിരേ ഒരു പ്രതിഷേധവും ഉയർന്നിട്ടില്ലെന്ന മോദി സർക്കാരിന്റെ അവകാശവാദം തെറ്റാണ്. സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് അറിയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ഈ നിർദേശങ്ങൾ ആദ്യം ഉന്നയിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി 2021 നവംബറിൽ തന്നെ അതിനോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നതായും സിപിഎം ഓർമപ്പെടുത്തി. ജനജീവിതത്തിന് നേരെയുള്ള ഈ ക്രൂരമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്യുന്നു. 

Similar News