കശ്മീര്‍ ആഭ്യന്തരകാര്യം, ആരും അഭിപ്രായം പറയേണ്ട; പാകിസ്താനില്‍ ചൈനീസ് മന്ത്രി നടത്തിയ വിവാദ പരാമര്‍ശം തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈനീസ് മന്ത്രി നടത്തിയ വിവാദ പരാമര്‍ശം തള്ളിക്കളഞ്ഞ് ഇന്ത്യ രംഗത്ത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ അനാവശ്യ പ്രസ്താവന തള്ളിക്കളയുന്നതായും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അധികാരമില്ല. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇന്ത്യ പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അവര്‍ ശ്രദ്ധിക്കണമെന്നും അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ- ഓപറേഷന്‍ പാകിസ്താനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വാങ് യി കശ്മീര്‍ പരാമര്‍ശം നടത്തിയത്. കശ്മീര്‍ വിഷയത്തില്‍ നമ്മുടെ പല ഇസ്‌ലാമിക് സുഹൃത്തുക്കളുടെയും വിളികള്‍ ഞങ്ങള്‍ വീണ്ടും കേള്‍ക്കുന്നു. അവര്‍ പുലര്‍ത്തുന്ന പ്രതീക്ഷയാണ് ചൈനയും പുലര്‍ത്തുന്നതെന്നായിരുന്നു വാങ് യിയുടെ പ്രസ്താവന. രണ്ടുദിവസത്തിനകം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് വാങ് യി വിവാദപ്രസ്താവന നടത്തിയത്.
ജമ്മു കശ്മീര്‍ വിഷയത്തില്‍ സഖ്യകക്ഷിയായ പാകിസ്താന്റെ തന്ത്രപരമായ നിലപാടിന് ചൈന വീണ്ടും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചൈന- പാകിസ്താന്‍ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഈ പ്രദേശവും ലഡാക്ക് കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളായി തുടരുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇത്തരം പരാമര്‍ശങ്ങള്‍ ഇന്ത്യ എല്ലായ്‌പ്പോഴും നിരസിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ നിലപാട് ചൈനയ്ക്കും പാകിസ്താനും നന്നായി അറിയാമെന്നും ബാഗ്ചി പറഞ്ഞു.