രാജ്യത്ത് കൊവിഡ് ബാധിതര്‍ 23 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗം, 834 മരണം
യുഎസിനും ബ്രസീലിനും ശേഷം ലോകത്ത് മൂന്നാമതായി ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപെടുന്ന രാജ്യമാണ് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,963 കൊവിഡ് കേസുകല്‍ റിപോര്‍ട്ട് ചെയ്തു. 834 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,29,639 ആയി ഉയര്‍ന്നു. ഇതില്‍ 16,39,600 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6,43,948 ആളുകളാണ് ചികില്‍സയിലുളളത്. വിവിധ സംസ്ഥാനങ്ങളിലായി 46,091 ആളുകളാണ് മരിച്ചത്. യുഎസിനും ബ്രസീലിനും ശേഷം ലോകത്ത് മൂന്നാമതായി ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപെടുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയില്‍ 54,519 പേര്‍ക്കും ബ്രസീലില്‍ 54,923 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് മൂലമുള്ള മരണങ്ങളില്‍ രാജ്യം നിലവില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും, അറിയപ്പെടുന്ന രോഗബാധിതരുടെ അനുപാതത്തില്‍ മരണങ്ങള്‍ സ്ഥിരമായി കുറയുന്നുവെന്ന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും പതിനായിരം കടന്നു. 11,088 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 256 പേരാണ് ഇന്നലെ മാത്രം മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,35,601 ആയി. 1,48,553 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 10,014 പേരാണ് പുതുതായി രോഗ മുക്തി നേടിയത്. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 3,68,435 ആയി. തമിഴ്നാട്ടില്‍ ഇന്നലെ 5,834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 118 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ 9,024 പേര്‍ക്കും കര്‍ണാടകത്തില്‍ 6527 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.