ഉയരുന്ന കണക്കും ആശങ്കയും: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്; 70,000 പുതിയ കേസുകള്‍; 945 മരണം
ആഗസ്ത് 21 വരെ രാജ്യത്ത് 3,44,91,073 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 10,23,836 സാംപിളുകളാണ് പരിശോധിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്ന അണ്‍ലോക് 3.0 ഘട്ടത്തിലാണ് രാജ്യം.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ പുതുതായി 69,878 കേസുകളും 945 മരണങ്ങളും റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി. ഇതുവരെ 22,22,578 പേര്‍ രോഗമുക്തി നേടി.
ഇന്നത്തേതുള്‍പ്പെടെ ആകെ മരണം 55,794. യുഎസിനും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയിപ്പോള്‍. 18ാം ദിവസമാണ് ലോകത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗകണക്ക് രാജ്യത്തുണ്ടാകുന്നത്. മഹാരാഷ്ട്ര 6,57,450, തമിഴ്നാട് 3,67,430, ആന്ധ്രപ്രദേശ് 3,34,940, കര്‍ണാടക 2,64,546, ഉത്തര്‍പ്രദേശ് 1,77,239 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ആകെ രോഗബാധിതരുടെ കണക്ക്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 74.7 ശതമാനമാണ്. ആഗസ്ത് 21 വരെ രാജ്യത്ത് 3,44,91,073 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 10,23,836 സാംപിളുകളാണ് പരിശോധിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്ന അണ്‍ലോക് 3.0 ഘട്ടത്തിലാണ് രാജ്യം.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,161 പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 339 പേര്‍ മരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6.57 ലക്ഷമായി, മരണം 21,698 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 9,544 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ പോസിറ്റീവ് കേസുകള്‍ 3.34 ലക്ഷമായി. രോഗവ്യാപനം തീവ്രമായ കര്‍ണാടകയില്‍ 7,571 പേര്‍ക്കാണ് ഇന്നലെ രോ?ഗം സ്ഥിരീകരിച്ചത്. 93 പേര്‍ മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 2.64 ലക്ഷമായി, മരണം 4,522 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ ഇന്നലെ 5,995 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 101 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 3.67 ലക്ഷമായി. ആകെ മരണം 6,340. പശ്ചിമബംഗാളില്‍ 3,245 പേര്‍ക്കും, അസമില്‍ 1,856 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡിനുള്ള ഓക്‌സ്ഫഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തുമെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 20 കോടി പേര്‍ക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നല്‍കാനാകുമെന്നാണ് വാദം. ഓക്‌സ്ഫഡ് പ്രതിരോധമരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയിരുന്നില്ല. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.