പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ബൈഡന്റെ പ്രഥമ പ്രസംഗം ഇന്ത്യന്‍ വംശജന്റേത്

Update: 2021-01-20 09:45 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജോ ബൈഡന്റെ പ്രഥമ പ്രസംഗം തയാറാക്കുന്നത് ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഡി. ഒഹായോയിലെ ഡേട്ടണിലാണ് വിനയ റെഡ്ഡി ജനിച്ചു വളര്‍ന്നത്. പ്രസിഡന്‍ഷ്യല്‍ സ്പീച്ച് റൈറ്ററായി നിയമിതനായ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരനന്‍ കൂടിയാണ് അദ്ദേഹം.

വിനയ് റെഡ്ഡിയുടെ പിതാവ് നാരായണ റെഡ്ഡി 1970 ലാണ് തെലങ്കാനയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത്. നാരായണ റെഡ്ഡി തെലങ്കാനയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് യുഎസിലേക്ക് കുടിയേറുന്നതിനുമുമ്പ് ഹൈദരാബാദില്‍ എംബിബിഎസ് പഠിച്ചു. വിനയ് റെഡ്ഡി ജനിച്ച് വളര്‍ന്നത് യുഎസിലാണ്, എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഗ്രാമവുമായി ബന്ധം പുലര്‍ത്തിവന്നിരുന്നു. പോത്തിറെഡിപേട്ടയില്‍ മൂന്ന് ഏക്കര്‍ സ്ഥലവും വീടും ഈ കുടുംബത്തിന് ഇപ്പോഴും ഉണ്ട്.

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോബൈഡന്‍ അമേരിക്കന്‍ സമയം ഉച്ചക്ക് 12ന് (ഇന്ത്യന്‍ സമയം 10.30) ന് സത്യപ്രതിജഞ ചെയ്യുക. സത്യപ്രതിജ്ഞക്ക് മുന്നോടിയായി വാഷ്ങ്ടണിലെത്തിയ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും കൊവിഡ് 19 സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കും. കൊവിഡ് മൂലം മരിച്ച നാല് ലക്ഷത്തോളം അമേരിക്കക്കാര്‍ക്കായി ലിങ്കണ്‍ സമാരകത്തിലെ 400 ലൈറ്റുകള്‍ പ്രകാശിക്കും.

അമേരിക്കയുടെ ഐക്യമായിരിക്കും ബൈഡന്റെ അധികാരമേറ്റുകൊണ്ടുള്ള ആദ്യ പ്രസംഗത്തിലെ പ്രധാന വിഷയം, 20മുതല്‍ 30 മുനിറ്റ് വരെ നീളുന്നതാകും പ്രസിഡന്റിന്റെ പ്രസംഗം. നവംബറിലെ തിരഞ്ഞടുപ്പ് മുതല്‍ പ്രസിഡന്റായി അധികാരത്തിലെത്തുന്ന കാലയളവുവരെയുള്ള വിവാദ വിഷയങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ബൈഡന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെടുമെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞ നടക്കുക. യുഎസ് സുപ്രിം കോടതി ജഡ്ജി ജോണ്‍ റോബര്‍ട്ടിനു മുന്നില്‍ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യും. കമല ഹാരിസിന് സുപ്രിം കോടതി ജഡ്ജി സോണിയ സോട്ടോമേയര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക. എന്നാല്‍ എല്ലാ ടീവി ചാനലുകളിലും പരിപാടി സംരക്ഷണം ചെയ്യും.




Similar News