കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ല; തിരിച്ച് വരവിനൊരുങ്ങി 1500ലധികം പേരെന്ന് റിപോര്‍ട്ട്
ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ 1650 പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
കാബൂള്‍: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍. എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും രാജ്യത്തേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ 1650 പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിനു പിന്നാലെ രാജ്യത്ത് കൂട്ടപ്പലായനം ആരംഭിച്ചിരുന്നു. ഇതിനിടെ അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അടച്ചതായും വിവരങ്ങളുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിലേക്കു കടക്കാന്‍ ആഗ്രഹിച്ച് നിരവധി പേരാണ് കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്.
അതേസമയം, അഫ്ഗാനില്‍ നിന്ന് ഒരു രാജ്യത്തിനും ഭീഷണി ഉയരില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മിക്ക പാശ്ചാത്യ സൈനികരും രാജ്യംവിട്ടതിനു പിന്നാലെ അഫ്ഗാന്‍ പാവ സര്‍ക്കാര്‍ കീഴടങ്ങിയതിനു പിന്നാലെ നടത്തിയ പ്രഥമ വാര്‍ത്താസമ്മേളനത്തിലാണ് താലിബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 'അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രാജ്യത്തിനും ഒരു ഭീഷണിയും ഉണ്ടാകില്ലെന്ന് ഇസ് ലാമിക് എമിറേറ്റ് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിജ്ഞ ചെയ്യുന്നുവെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അഫ്ഗാനില്‍ ഉടന്‍ ഒരു ഇസ്‌ലാമിക സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരേയും ഉള്‍കൊള്ളുന്നതായിരിക്കും പുതിയ സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.