കോണ്‍സുലേറ്റും സോഷ്യല്‍ ഫോറവും കൈകോര്‍ത്തു; ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം യുപി സ്വദേശി നാടണഞ്ഞു
ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അവരെ സ്വീകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും ഡല്‍ഹി എസ്ഡിപിഐ പ്രവര്‍ത്തകരായ മുഹമ്മദ് ഇസ്‌ലാം, മുഹമ്മദ് നഫീസ് എന്നിവര്‍ ഉണ്ടായിരുന്നു.
അബഹ/ജിദ്ദ: കോണ്‍സുലേറ്റ് അധികൃതരും ഇന്ത്യന്‍ സോഷ്യല്‍ ഫോറവും അബഹയിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ആശുപത്രി അധികൃതരും കൈകോര്‍ത്തതോടെ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ഉത്തര്‍പ്രദേശ് മുറാദാബാദ് സംഭാല്‍ സ്വദേശിയായ മുഹമ്മദ് അഹമ്മദ് (55) സുഖമായി നാടണഞ്ഞു.
അല്‍ ബാഹയിലെ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് അഹമ്മദ്. ഹൃദയ സ്തംഭനം നേരിട്ടതിനാല്‍ അബഹയിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് കാര്‍ഡിയാക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സങ്കീര്‍ണമായതിനാല്‍ ബൈപാസ് ശസ്ത്രക്രിയ മാത്രമായിരുന്നു ഏക പരിഹാരം. വിദേശ പൗരന്മാര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഇവിടെ നടത്താറില്ലെങ്കിലും ആശുപത്രി അധികൃതരുടെ മനുഷ്യത്വപരമായ ഇടപെടല്‍ മൂലം വന്‍ തുക ചിലവ് വരുന്ന ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഒന്നര മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ മുഹമ്മദ് അഹമ്മദിന് ഡോക്ടര്‍മാര്‍ ആറു മാസം വിശ്രമവും നിര്‍ദേശിച്ചു.
സ്വന്തക്കാരോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന മുഹമ്മദ് അഹമ്മദിന്ന് സ്വന്തമായി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനോ ഭക്ഷണം കഴിക്കാനോ ബുദ്ധിമുട്ടായിരുന്നു. കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിയാനും നിയമമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഹെഡ് നേഴ്‌സ് ലതാ രാജന്‍ വഴി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവും ജിദ്ദ കോണ്‍സുലേറ്റിലെ സാമൂഹ്യ ക്ഷേമ വിഭാഗം മെമ്പറുമായ ഹനീഫ മഞ്ചേശ്വരം, ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്ര എന്നവര്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും മുഹമ്മദ് അഹമ്മദിനെ നാട്ടിലേക്ക് അയക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 15 ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കോര്‍ഡിനേറ്റര്‍ അഷ്‌റഫ് മൊറയൂര്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖുമായി ചര്‍ച്ച നടത്തുകയും ജൂണ്‍ 15 നുള്ള ജിദ്ദ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയ്ക്ക് അനുമതി നേടുകയും ചെയ്തു. പക്ഷെ അബഹയില്‍ നിന്ന് അന്നേദിവസം കണക്ഷന്‍ ഫ്‌ളൈറ്റ് ഇല്ലാതിരുന്നതിനാല്‍ പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ച് മുഹമ്മദിനെ അബഹയില്‍ നിന്ന് ജൂണ്‍ 14 നു ജിദ്ദയിലേക്കുള്ള വിമാനത്തില്‍ എത്തിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്‌റ്റേറ്റ് ജിദ്ദ വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഫിറോസ് അലഹബാദ്, ഫയാസ് ദര്‍ബംഗ, അക്രം ലക്‌നൗ എന്നവര്‍ മുഹമ്മദിനെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ജിദ്ദയില്‍ താമസിപ്പിച്ച് വേണ്ട ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.
അടുത്ത ദിവസം ജിദ്ദ ഡല്‍ഹി വിമാനത്തില്‍ അതേ സെക്റ്ററിലെ യാത്രക്കാരനും ഉത്തര്‍ പ്രദേശ് സ്വദേശിയുമായ അമീറിന്റെ കൂടെ സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്‌റ്റേറ്റ് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഫിറോസ് അലഹബാദിന്റെ നേത്യത്വത്തില്‍ ഫയാസ് ദര്‍ബംഗ, അക്രം ലക്‌നൗ എന്നിവര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മുഹമ്മദിനെ യാത്രയാക്കി. ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അവരെ സ്വീകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും ഡല്‍ഹി എസ്ഡിപിഐ പ്രവര്‍ത്തകരായ മുഹമ്മദ് ഇസ്‌ലാം, മുഹമ്മദ് നഫീസ് എന്നിവര്‍ ഉണ്ടായിരുന്നു.
ലോക്ക് ഡൌണ്‍ കാലത്തെ തടസ്സങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും തരണം ചെയ്ത് കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ ഉത്തര്‍ പ്രദേശ് മുറാദാബാദ് സംഭാലിലെ വീട്ടില്‍ മുഹമ്മദ് എത്തിച്ചേര്‍ന്നു. സൗജന്യ വിമാന ടിക്കറ്റ് നല്‍കി സഹായിച്ച കോണ്‍സല്‍ ജനറലിനും ആശുപത്രി അധികൃതര്‍ക്കും ഒരു സഹോദരനെയെന്ന പോലെ പ്രത്യേക പരിചരണം നല്‍കിയ സിസ്റ്റര്‍ ലത രാജനും സോഷ്യല്‍ ഫോറം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മുഹമ്മദ് അഹമ്മദിന്റ കുടുംബം നന്ദി അറിയിച്ചു.