കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി കെ സിങ്
കീവ്: ഓപറേഷന്‍ ഗംഗയുടെ കീഴില്‍ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി റിപോര്‍ട്ട്. കേന്ദ്രമന്ത്രി വി കെ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. വെടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിദ്യാര്‍ഥിയെ പാതിവഴിയില്‍ തിരിച്ചുകൊണ്ടുപോയതായി കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടിയെ അതിര്‍ത്തിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും പോളണ്ടിലുള്ള മന്ത്രി വി കെ സിങ് വ്യക്തമാക്കി.
I received info today that a student coming from Kyiv got shot and was taken back midway. We're trying for maximum evacuation in minimum loss: MoS Civil Aviation Gen (Retd) VK Singh, in Poland#RussiaUkraine pic.twitter.com/cggVEsqfEj
— ANI (@ANI) March 4, 2022
മൂന്ന് ദിവസത്തിനിടെ ഏഴുവിമാനങ്ങളിലായി 200 വീതം ആളുകള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ചില വിദ്യാര്‍ഥികള്‍ വാഴ്‌സോയില്‍ തന്നെ തുടരാനാണു തീരുമാനിച്ചത്. അവര്‍ പോളണ്ടില്‍ സുരക്ഷിതരാണ്- വി കെ സിങ് പറഞ്ഞു. റുമാനിയ, ഹങ്കറി എന്നീ രാജ്യങ്ങളില്‍നിന്ന് 210 ഇന്ത്യക്കാരുമായി പുറപ്പെട്ട രണ്ട് സി-17 വിമാനങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തി.
വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി പോളണ്ടിന്റെ അതിര്‍ത്തിയിലെത്താനാണ് ശ്രമിക്കുന്നത്. എല്ലാവരും ഉടന്‍ കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. നാല് കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ എം സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ (റിട്ട) വി കെ സിങ് എന്നിവരാണ് യുഉക്രെയ്‌നിനോട് ചേര്‍ന്നുള്ള രാജ്യങ്ങളിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ചൊവ്വാഴ്ച രാവിലെ യുക്രെയ്‌നിലെ ഖാര്‍കിവ് മേഖലയില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു.