സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസ് മാര്‍ഗം പോള്‍ട്ടാവയിലെത്തിച്ചു

ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ലിവീവിലേക്ക് കൊണ്ടുപോകും. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം.

Update: 2022-03-09 01:57 GMT

കീവ്: യുക്രെയ്ന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. ഇവരെ ബസ് മാര്‍ഗം പോള്‍ട്ടാവയിലെത്തിച്ചു. ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ലിവീവിലേക്ക് കൊണ്ടുപോകും.

ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം. കഴിഞ്ഞ ദിവസവും വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രെയ്ന്‍ സൈന്യം തടഞ്ഞിരുന്നു.

യുക്രെയ്ന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.', വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    

Similar News