ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനിലെത്താന്‍ ഇനി മുതല്‍ താമസരേഖ കാണിക്കേണ്ട

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന ഉത്തരവ്

Update: 2021-11-18 01:33 GMT

മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കെത്തുന്ന യാത്രക്കാര്‍ ഇനി മുതല്‍ താമസരേഖ കാണിക്കേണ്ട ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇനി താമസരേഖ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന ഉത്തരവ്. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ യാത്ര പുറപ്പെടും മുമ്പുള്ള കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ഇനി നിര്‍ബന്ധമില്ല. ബഹ്‌റൈനില്‍ 10 ദിവസത്തെ ക്വാറന്റീനും ആവശ്യമില്ല. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം. സ്‌കാന്‍ ചെയ്യുേമ്പാള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പിഡിഎഫ് സര്‍ട്ടിഫിക്കറ്റും കൈവശമുള്ള പ്രിന്റൗട്ടും തുല്യമായിരിക്കണം. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ഇന്ത്യ ആറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ മൂന്ന് പിസിആര്‍ ടെസ്റ്റുകള്‍ നടത്തണം. ഇതിന് 36 ദീനാര്‍ ചെലവ് വരും. ആദ്യടെസ്റ്റ് വിമാനത്താവളത്തില്‍വെച്ചാണ് നടത്തുക. രണ്ടാമത്തെ ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10ാം ദിവസവും നടത്തണം.

Tags:    

Similar News