'യുക്രെയ്‌നിലെ ട്രെയിനുകളില്‍ നിന്നും ബങ്കറുകളില്‍ നിന്നും ഇന്ത്യക്കാരെ പുറത്താക്കി': സഹായത്തിനായി അഭ്യര്‍ഥിച്ച് വിദ്യാര്‍ഥിനി

മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ക്രമീകരിച്ച ട്രെയിനുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. 'ഇന്ത്യന്‍ വിദ്യാര്‍ഥികളെ ട്രെയിനില്‍ നിന്ന് പുറത്താക്കുന്നു, അവരെ കയറാന്‍ അനുവദിക്കുന്നില്ല, ചോദ്യം ചെയ്താല്‍ അവരെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയും ചെയ്യുന്നു' -അവര്‍ തങ്ങള്‍ നേരിട്ട ദുരനുഭവം വിവരിച്ചു.

Update: 2022-03-03 13:48 GMT

ബെംഗളൂരു: റഷ്യ ആക്രമണം ശക്തമാക്കിയ ഉക്രെയ്‌നില്‍നിന്ന് അസ്വസ്ഥപ്പെടുത്തുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത്. പ്രാദേശിക യുക്രെയ്ന്‍ അധികൃതരും സൈന്യവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയും ചെയ്യുന്നുവെന്ന് ഖാര്‍കിവ് മേഖലയില്‍ കുടുങ്ങിയ കര്‍ണാടകയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പറഞ്ഞു.

യുക്രെയ്‌നില്‍ പഠിക്കുന്ന കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ നിന്നുള്ള ഹര്‍ഷിത ഇപ്പോഴും ഖാര്‍കിവില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. തങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ക്രമീകരിച്ച ട്രെയിനുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. 'ഇന്ത്യന്‍ വിദ്യാര്‍ഥികളെ ട്രെയിനില്‍ നിന്ന് പുറത്താക്കുന്നു, അവരെ കയറാന്‍ അനുവദിക്കുന്നില്ല, ചോദ്യം ചെയ്താല്‍ അവരെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയും ചെയ്യുന്നു' -അവര്‍ തങ്ങള്‍ നേരിട്ട ദുരനുഭവം വിവരിച്ചു.

'ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുമ്പോള്‍ വാതിലുകള്‍ പൂട്ടിയിരിക്കും. അവര്‍ യുക്രെയ്ന്‍കാരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. യുക്രെയ്‌നികള്‍ക്കിടയിലെ കുട്ടികളെ ആദ്യം കയറ്റും. പിന്നീട് അവരുടെ അമ്മമാരെയും പിന്നീട് മറ്റ് സ്ത്രീകളെയും അവസാനമായി യുക്രെയ്ന്‍ പുരുഷന്‍മാരെയും കയറ്റും. തങ്ങളെ മാറ്റിനിര്‍ത്തും'-അവര്‍ പറഞ്ഞു.ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍ കയറാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇവരില്‍ നിന്ന് തലയ്ക്ക് 100 മുതല്‍ 200 ഡോളര്‍ വരെ ഈടാക്കുന്നു, പണം നല്‍കിയിട്ടും ഇന്ത്യക്കാരെ കയറാന്‍ അനുവദിക്കുന്നില്ല.

'ഞങ്ങള്‍ അഞ്ച് മുതല്‍ ആറ് ദിവസം വരെ ബങ്കറുകളില്‍ താമസിച്ചു. ട്രെയിന്‍ അറേഞ്ച് ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ 11 കിലോമീറ്റര്‍ നടന്നു. പക്ഷേ, ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയ ശേഷം ഞങ്ങള്‍ക്ക് രണ്ട് ട്രെയിനുകളില്‍ കയറാന്‍ കഴിഞ്ഞില്ല, ഒന്ന് രാവിലെ 8നും മറ്റൊന്ന് 12.30നുമായിരുന്നു'- അവര്‍ പറഞ്ഞു.

'ഞാന്‍ നിന്നിരുന്ന റെയില്‍വേ സ്‌റ്റേഷനു സമീപം 8 മുതല്‍ 10 വരെ മിസൈലുകള്‍ പതിച്ചു.ട്രെയിനില്‍ കയറാന്‍ അനുവദിക്കാത്തതിനെ കുറിച്ച് ഇന്ത്യക്കാര്‍ ചോദ്യം ചെയ്തപ്പോഴെല്ലാം അവര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രെയിനുകള്‍ കാണാതായതിനെത്തുടര്‍ന്ന് കനത്ത വെടിവയ്പുണ്ടായി, ഞങ്ങള്‍ അഭയകേന്ദ്രത്തിലേക്ക് മടങ്ങി. ഇന്നലെ മുതല്‍ ഭക്ഷണമില്ല, ഇപ്പോള്‍ രാവിലെ ആയതിനാല്‍ ആരും ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ 2 മുതല്‍ 3 വരെ ഹോസ്റ്റല്‍ കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. അവര്‍ ഒരു മുറിയില്‍ 4 പേരെ പാര്‍പ്പിച്ചിരിക്കുന്നു'- അവര്‍ പറഞ്ഞു.

എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

'റെയില്‍വേ സ്‌റ്റേഷനില്‍, അധികാരികള്‍ ഇന്ത്യക്കാരെ പീഡിപ്പിക്കുന്നു, ട്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്തേക്ക് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. ഇന്ത്യക്കാരോട് ബങ്കറുകള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും എന്തിനാണ് അവരെ സഹായിക്കേണ്ടതെന്നും യുക്രെയ്ന്‍കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് പറയുന്നു'- ഹര്‍ഷിത പറഞ്ഞു.

'ഞങ്ങളുടെ ലാപ്‌ടോപ്പും മറ്റും അടങ്ങിയ ബാഗുകള്‍ ചുമന്ന് നടക്കേണ്ടി വന്നു. ഇന്ത്യന്‍ പതാകയുമേന്തി ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓടിക്കൊണ്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഞങ്ങള്‍ മടങ്ങുമ്പോള്‍, മിസൈലുകള്‍ തൊടുത്തുവിട്ടു, കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. ലൈറ്റ് ഓണാക്കരുതെന്നും പുറത്തിറങ്ങരുതെന്നും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഭക്ഷണം തീര്‍ന്നു. ഞങ്ങളെ ഇപ്പോള്‍ രക്ഷപ്പെടുത്തിയില്ലെങ്കില്‍, അത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും, 'അവര്‍ പറഞ്ഞു.

അതേസമയം, യുക്രെയ്‌നില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം സംബന്ധിച്ച വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബം.

സുരക്ഷിതമായി കര്‍ണാടകയിലേക്ക് മടങ്ങിയ അനീഷ് യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നാണ് തിരിച്ചെത്തിയതെന്ന് വിശദീകരിച്ചു. 'ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, കിഴക്കന്‍ അതിര്‍ത്തികളില്‍ പലായനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്. അവര്‍ അഭയമില്ലാതെ മഞ്ഞുവീഴ്ചയെ നേരിടുന്നു. ഉക്രെയ്‌നില്‍ ഏകദേശം 18,000 മുതല്‍ 20,000 വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്, 6,000 പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. ഇവരില്‍ ഭൂരിഭാഗവും ഖാര്‍കിവ്, കിയെവ് മേഖലകളില്‍ കുടുങ്ങിക്കിടക്കുകയാണ്. എംബസിക്ക് കോളുകള്‍ ലഭിക്കുന്നില്ല, അവര്‍ക്ക് അടിയന്തര സഹായം ആവശ്യമാണ്'-അദ്ദേഹം പറഞ്ഞു.

Tags:    

Similar News