കൊവിഡ്: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന്‍ ആഗസ്ത് 15നകം വിപണിയിലെത്തിക്കുമെന്ന് ഐസിഎംആര്‍
ഐസിഎംആറിന്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കൊവ്-2 വൈറസിന്റെ സാംപിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡിനതിരെയുള്ള മരുന്ന് ആഗസ്ത് 15നകം വിപണിയിലെത്തിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിനു നല്‍കിയ കത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ ഗുണനിലവാര പരിശോധനകള്‍ക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തെന്നുംഅദ്ദേഹം പറഞ്ഞു
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. ഐസിഎംആറിന്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കൊവ്-2 വൈറസിന്റെ സാംപിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ബിബിവി152 എന്ന കോഡിലുള്ള കൊവിഡ് വാക്സിന് കൊവാക്സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിശാഖപ്പട്ടണം, റോത്തക്, ന്യൂഡല്‍ഹി, പാട്‌ന, ബെല്‍ഗാം, നാഗ്പൂര്‍, ഗോരഖ് പൂര്‍, കട്ടന്‍കുളത്തൂര്‍, ഹൈദരാബാദ്, ആര്യനഗര്‍, കാണ്‍പൂര്‍ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.
കൊവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതികള്‍ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബല്‍റാം ഭാര്‍ഗവ് പറഞ്ഞു. ജൂലൈ ഏഴിന് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആഗസ്ത് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യത് വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മാണ് ഐസിഎംആര്‍ മുന്നോട്ടുവയ്ക്കുന്നത്.