കൊവിഡ്: രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഏഴരലക്ഷത്തിലേക്ക്: ചൈനയെ മറികടന്ന് മുംബൈ നഗരം

86,509 കൊവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ചൈനയില്‍ 83,565 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്.

Update: 2020-07-08 11:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 22,752 പേര്‍ക്ക്. ഇന്നലെ മാത്രം 482 ആളുകളാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ രാജ്യത്തെ അസുഖ ബാധിതരുടെ എണ്ണം 7.42 ലക്ഷമായി. ഇതില്‍ 20,642 പേരാണ് ഇതുവരെ മരിച്ചത്. 4.56 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 2.64 ലക്ഷം ആളുകളാണ് ചികില്‍സയിലുളളത്. ഇന്നലെ മാത്രം 2.62 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. 1.04 കോടി സാംപിളുകള്‍ ഇതുവരെ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം രോഗികളുളള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 5,134 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 224 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ 2.17 ലക്ഷമായി. 9,250 പേരാണ് ഇതുവരെ മരിച്ചത്.

മുംബൈയില്‍ മാത്രം 5,002 പേരും താനെയില്‍ 1,381പേരുമാണ് മരിച്ചത്. രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്റെ പ്രവഭവകേന്ദ്രമായ ചൈനയെ മുംബൈ നഗരം മറികടന്നു. 86,509 കൊവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ചൈനയില്‍ 83,565 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. 4,634 പേര്‍ മരിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ 2.008 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 1.02 ലക്ഷമായി. 3,165 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്നലെ 3,616 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 1.18 ലക്ഷം. 1,636 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ മരിച്ചത്.



Tags:    

Similar News