ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.35ഓടെ ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് പോവേണ്ടിയിരുന്ന ഇന്‍ഡിഗോ 6ഇ2211 വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റ് വഴി ഒഴിപ്പിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഭീഷണിക്ക് പിന്നാലെ സുരക്ഷിത സ്ഥലത്തേക്ക് വിമാനം മാറ്റി. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവ പരിശോധന നടത്തുകയാണ്. മുഴുവന്‍ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ എത്തിക്കും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിമാനത്താവള അധികൃതര്‍ ഉത്തരവിട്ടു.