'മുസ്‌ലിം സംഘടനകളിലേക്ക് കടന്നുകയറും'; പോപുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ച തടയാന്‍ പദ്ധതികളാവിഷ്‌ക്കരിച്ച് ആര്‍എസ്എസ്
അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ (എബിവിപി) ദക്ഷിണേന്ത്യയില്‍ അടിത്തറ വിപുലീകരിക്കുന്നതും പോപുലര്‍ഫ്രണ്ടുമായി യോജിച്ചു പോകാത്ത മുസ്‌ലിം സമുദായത്തിലെ ഇതര വിഭാഗങ്ങളുമായി കൈകോര്‍ക്കുന്നതും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരു: ദക്ഷിണേന്ത്യന്‍ സര്‍വകലാശാല കാംപസുകളിലേയും മറ്റിടങ്ങളിലേയും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ആര്‍എസ്എസ്. ദക്ഷിണേന്ത്യയില്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ (എബിവിപി) അടിത്തറ വിപുലീകരിക്കുന്നതും പോപുലര്‍ഫ്രണ്ടുമായി യോജിച്ചു പോകാത്ത മുസ്‌ലിം സമുദായത്തിലെ ഇതര വിഭാഗങ്ങളുമായി കൈകോര്‍ക്കുന്നതും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ ഉത്തേജിപ്പിക്കുന്നതില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രധാന പങ്കുവഹിച്ചതായും അത് ദേശീയ വിഷയമാക്കുന്നതില്‍ വിജയിച്ചതായും ആര്‍എസ്എസ് വിലയിരുത്തി.
'ഒരുകാലത്ത് കേരളത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പിഎഫ്‌ഐ അതിവേഗം ചിറകു വിടര്‍ത്തുകയാണ്. ദക്ഷിണേന്ത്യയില്‍ എല്ലായിടത്തേയും കാംപസുകളിലുണ്ട്, ഇപ്പോള്‍ ഉത്തരേന്ത്യയിലും കടന്നുകയറാന്‍ തുടങ്ങിയിരിക്കുന്നു. യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) നടന്ന പ്രതിഷേധങ്ങളില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചു. അവരുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കേണ്ടതുണ്ട്' ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പിഎഫ്‌ഐയുടെ സംഘടനാ ഘടനയും പ്രവര്‍ത്തനവും ആര്‍എസ്എസിനോട് സാമ്യമുള്ളതാണ് എന്നതാണ് സംഘത്തെ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തുന്നത്.
'അവര്‍ക്ക് സാമൂഹികസാംസ്‌കാരിക ഇടപെടലുണ്ട്, അവര്‍ കാംപസുകളിലുണ്ട്, സംഘത്തെപ്പോലെ പരേഡുകളും മാര്‍ച്ചുകളും നടത്തുന്ന ഒരു വിഭാഗമുണ്ട്. അവര്‍ വളരെക്കാലമായി ഇവിടെയുണ്ടെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു' -മറ്റൊരു നേതാവ് പറഞ്ഞു.
പിഎഫ്‌ഐയെ തുറന്നുകാട്ടാനും 'ഈ സംഘടന പ്രചരിപ്പിച്ച തെറ്റായ വിവരങ്ങള്‍' സംബന്ധിച്ച് സത്യം പറയാനും രാജ്യത്തുടനീളം ഒരു പൊതുജനസമ്പര്‍ക്ക പരിപാടി ആരംഭിക്കാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്.