ബലാല്‍സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പോലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: ബലാല്‍സംഗം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പോലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. പോലിസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് ഡിജിപി നടപടിയെടുത്തത്. ഇതാദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലിസുകാരനെ പിരിച്ചുവിടുന്നത്. ഒരു കുറ്റകൃത്യം ചെയ്തതിന് വകുപ്പുതല നടപടിയും ശാസനയും നല്‍കിയശേഷവും വീണ്ടും കുറ്റം ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ സേനയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് ഉത്തരവില്‍ പറയുന്നു.
നേരിട്ട് ഹാജരാവാന്‍ നേരത്തെ ഡിജിപി നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഹാജരായിരുന്നില്ല. ഓണ്‍ലൈനിലൂടെ വിശദീകരണം കേട്ടശേഷമാണ് നടപടി. സര്‍വീസിലിരിക്കെ കൂട്ട ബലാല്‍സംഗമടക്കമുള്ള നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു സുനു. തൃക്കാക്കരയില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസിലുള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുള്ളത്. നേരത്തെ 15 തവണ വകുപ്പുതല നടപടിയും ആറ് തവണ സസ്‌പെന്‍ഷനും നേരിട്ടിട്ടുണ്ട്.