വിശ്വാസങ്ങളെ അപമാനിക്കുന്നത് സ്വാതന്ത്ര്യമല്ലെന്ന് ഉര്‍ദുഗാന്‍

'ചിന്താ സ്വാതന്ത്ര്യം' എന്ന ലേബലില്‍ ഫ്രാന്‍സില്‍ പ്രവാചകനെ മോശമായി ചിത്രീകരിച്ചത് ലോകം കണ്ടതാണെന്നും മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ 23ാമത് വാര്‍ഷിക കണ്‍വെന്‍ഷന് നല്‍കിയ വീഡിയോ സന്ദേശത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

Update: 2020-11-29 04:52 GMT

ആങ്കറ: ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കുന്നതിന് സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചിന്താ സ്വാതന്ത്ര്യം' എന്ന ലേബലില്‍ ഫ്രാന്‍സില്‍ പ്രവാചകനെ മോശമായി ചിത്രീകരിച്ചത് ലോകം കണ്ടതാണെന്നും മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ 23ാമത് വാര്‍ഷിക കണ്‍വെന്‍ഷന് നല്‍കിയ വീഡിയോ സന്ദേശത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

ഒരു ജനതയുടെ വിശുദ്ധ വ്യക്തികളെ അപമാനിക്കുന്നത് സ്വാതന്ത്ര്യത്തില്‍ നിന്ന് വളരെ അകലെയാണ്. അപമാനം ചിന്താ സ്വതന്ത്ര്യത്തില്‍നിന്നു വ്യത്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്ര ഭ്രാന്ത് കൂടുതല്‍ ശക്തി പ്രാപിച്ചതായി ചൂണ്ടിക്കാട്ടിയ ഉര്‍ദുഗാന്‍ പ്രവാചകനെ അപമാനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരും പള്ളികള്‍ക്കെതിരായ ആക്രമണങ്ങളെ അവഗണിക്കുന്നവരും തങ്ങളുടെ ഫാസിസ്റ്റ് ചിന്താഗതിയെ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

പവിത്രമായ മൂല്യങ്ങളെ ആക്രമിക്കുമ്പോള്‍ അവര്‍ ചിന്താ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉപയോഗിക്കുന്നു. എന്നാല്‍, അവര്‍ക്കെതിരായ നേരിയ വിമര്‍ശനം പോലും സഹിക്കാന്‍ അവര്‍ക്കാവുന്നില്ലെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.

കൊറോണ വൈറസിനേക്കാള്‍ വേഗത്തില്‍ പടരുന്ന ഒരു രോഗമായി ഇസ്ലാമോഫോബിയ മാറിയെന്നും സാംസ്‌കാരിക വര്‍ഗ്ഗീയത, വിവേചനം, അസഹിഷ്ണുത എന്നിവ മറച്ചുവെക്കാനാവാത്ത തലങ്ങളില്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇസ്‌ലാം ഭയവും അപരിചിതരോടുള്ള ഭയവും ഭരണകൂട നയത്തെ നയിക്കുന്നതും ദൈനംദിന ജീവിതം ദുഷ്‌കരമാക്കുന്നതുമായ ഒരു പ്രവണതയായി മാറി. മുസ്‌ലിംകളുടെ വിശ്വാസമോ ഭാഷയോ പേരോ വസ്ത്രധാരണമോ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് പല രാജ്യങ്ങളിലും സാധാരണമായിത്തീര്‍ന്നിരിക്കുന്നതായും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.വംശീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന തുര്‍ക്കി, ആരെങ്കിലും അവരുടെ പവിത്രമായ മൂല്യങ്ങള്‍ ലക്ഷ്യമിട്ടാല്‍ പ്രതികരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News