നീരവ് മോദിയുടെ സഹോദരനെതിരേ ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട്
പഞ്ചാബ് നാഷനല്‍ ബാങ്കി(പിഎന്‍ബി)നെ രണ്ട് ബില്യണ്‍ ഡോളര്‍ വായ്പയെടുത്ത് വഞ്ചിച്ചെന്ന ആരോപണത്തില്‍ നീരവ് മോദി ലണ്ടനിലെ ജയിലില്‍ കഴിയുകയാണ്.
ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ ദീപക് മോദിക്കെതിരേ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. നെഹാല്‍ ദീപക് മോദിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള നിയമപാലകരോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ബെല്‍ജിയന്‍ പൗരത്വമുള്ള നെഹാല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് താമസമെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ, ഒരു കാലത്ത് നീരവ് മോദിയുടെ മുന്‍നിര കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇങ്കിന്റെ ഡയറക്ടറായിരുന്നു നെഹാല്‍. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് നീരവ് മോദിക്കു വേണ്ടി സ്വത്തുക്കള്‍ വാങ്ങി സ്ഥാപിച്ച ഇറ്റാക്ക ട്രസ്റ്റിലും നേഹലിന് പങ്കുണ്ടെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.
പഞ്ചാബ് നാഷനല്‍ ബാങ്കി(പിഎന്‍ബി)നെ രണ്ട് ബില്യണ്‍ ഡോളര്‍ വായ്പയെടുത്ത് വഞ്ചിച്ചെന്ന ആരോപണത്തില്‍ നീരവ് മോദി ലണ്ടനിലെ ജയിലില്‍ കഴിയുകയാണ്. അറസ്റ്റിലായ ശേഷം പലതവണ നീരവ് മോദി ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് അവസാനമായി അദ്ദേഹത്തെ യുകെ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. പിഎന്‍ബി തട്ടിപ്പ് പുറത്താവുന്നതിനു ആഴ്ചകള്‍ക്ക് മുമ്പാണ് ശതകോടീശ്വരനായ നീരവ് മോദിയും സഹോദരന്‍ നേഹലും ഗീതാഞ്ജലി ഗ്രൂപ്പ് പ്രൊമോട്ടറും അമ്മാവനുമായ മെഹുല്‍ ചോക്‌സിയും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍നിന്നു മുങ്ങിയത്. നീരവ് മോദിക്ക് തട്ടിപ്പ് നടത്താനും തെളിവ് നശിപ്പിക്കാനും സഹോദരനും കുടുംബവും കൂട്ടുനിന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പറഞ്ഞു.