നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി
ജാമ്യം ലഭിച്ചാല്‍ നീരവ് ബ്രിട്ടണ്‍ വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹരജി തള്ളിയത്.
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ ജാമ്യഹരജി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ നീരവ് ബ്രിട്ടണ്‍ വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹരജി തള്ളിയത്. കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുള്ളതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് അടുത്ത മാസം 26ന് പരിഗണിക്കും.
ഇന്ത്യയില്‍ നിന്നുള്ള സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. നീരവിനെതിരായ കൂടുതല്‍ തെളിവുകളും ഇന്ത്യന്‍ ഏജന്‍സികള്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ നീരവ് മോദിയെ ഉടന്‍ വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. മാര്‍ച്ച് ആദ്യവാരമാണ് നീരവ് മോദി ബ്രിട്ടനില്‍ അറസ്റ്റിലായത്.
ഇയാള്‍ അറസ്റ്റിലായതിനു പിന്നാലെ ലണ്ടനിലെത്തിയ ഇഡി സംഘം നീരവിനെതിരായ തെളിവുകള്‍ ഹാജരാക്കിയിരുന്നു. നീരവിന്റെ സാമ്പത്തിക കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ച് മുന്‍പ് ഒരു തവണ ഇയാളുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. ജാമ്യത്തില്‍ വിട്ടാല്‍ നീരവ് മോദി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഇന്ത്യയില്‍ നിന്ന് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നുണ്ടെന്നും വേറെ പേരില്‍ വജ്രവ്യാപാരം നടത്തുന്നുണ്ടെന്നുമുള്ള വിവരം ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ ആണ് പുറത്തുവിട്ടത്.