വായ്പാ തട്ടിപ്പ് കേസ്: നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി
ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയില്‍ നീരവ് മോദി ഭീഷണി മുഴക്കി. ജയിലില്‍ വച്ച് താന്‍ രണ്ട് തവണ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് നീരവ് കോടതിയില്‍ പറഞ്ഞു.
ലണ്ടന്‍: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്. ജാമ്യത്തുകയായി 36 കോടി കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലില്‍ കഴിയാന്‍ തയാറാണെന്നും മോദിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു.
ഇതോടെ, ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയില്‍ നീരവ് മോദി ഭീഷണി മുഴക്കി. ഇതുകൂടാതെ, ജയിലില്‍ വച്ച് താന്‍ രണ്ട് തവണ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് നീരവ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്ക് രണ്ട് സഹതടവുകാര്‍ നീരവിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ അതിക്രമിച്ച് കടന്ന് മര്‍ദ്ദിച്ചിരുന്നതായും നീരവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് തവണ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.