വായ്പാ തട്ടിപ്പ്: വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; 9,371 കോടി ബാങ്കുകള്‍ക്ക് കൈമാറി
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8,445 കോടി രൂപയാണ് തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടായത്.
ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170.02 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതില്‍ 9,371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിനിരയായ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൈമാറി. വ്യവസായികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വീകരിച്ചുവരികയാണ്. 969 കോടി രൂപയുടെ ആസ്തി വിദേശരാജ്യങ്ങളിലാണുള്ളത്.
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8,445 കോടി രൂപയാണ് തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടായത്. സിബിഐയുടെ എഫ്‌ഐആറിന്റെ തുടര്‍ച്ചയായി ആഭ്യന്തര, അന്തര്‍ദേശീയ ഇടപാടുകളുടെയും വിദേശത്ത് സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിന്റെയും ഒരു ശൃംഖല ഇഡി കണ്ടെത്തി. കുറ്റവാളികളായ ഈ മൂന്നുപേരും നിയന്ത്രിക്കുന്ന ബിനാമികള്‍ ബാങ്കുകള്‍ നല്‍കുന്ന ഫണ്ടുകള്‍ കവര്‍ന്നെടുക്കുന്നതിന് ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് പ്രതികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. രാജ്യം വിട്ട ഇവരെ കൈമാറുന്നതിനായി യുകെയിലേക്കും ആന്റിഗ്വയിലേക്കും ബാര്‍ബുഡയിലേക്കും അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. വിജയ് മല്യയെ കൈമാറാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. യുകെ ഹൈക്കോടതി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. യുകെ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വിജയ് മല്യയ്ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ട് മല്യയെ ഇന്ത്യയിലേക്ക് കൈമാറാനൊരുങ്ങുകയാണ്. നീരവ് മോദിയെയും ഇന്ത്യയിലേക്ക് കൈമാറാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി കഴിഞ്ഞ രണ്ട് വര്‍ഷവും മൂന്നുമാസവും ലണ്ടന്‍ ജയിലില്‍ കഴിയുകയായിരുന്നു.