ഡല്‍ഹി കലാപക്കേസ്: പോലിസിന്റെ പക്ഷപാതപരമായ നടപടികള്‍ക്കെതിരേ വിമര്‍ശനവുമായി ഐപിഎസ് ഇതിഹാസം ജൂലിയോ റിബീറോ
സംഘര്‍ഷം രൂക്ഷമാക്കുന്നതിന് പ്രകോപനപരവും സാമുദായികവുമായ പരസ്യ പ്രതികരണങ്ങള്‍ നടത്തിയ ബിജെപി നേതാക്കളെ അവഗണിച്ച് 'സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരേ' ഡല്‍ഹി പോലിസ് നടപടിയെടുക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ പോലിസിന്റെ പക്ഷപാതപരമായ അന്വേഷണത്തെ ചോദ്യം ചെയ്തു വിരമിച്ച മുതിര്‍ന്ന പോലിസുകാരനും റൊമാനിയയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ജൂലിയോ റിബീറോ ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയ്ക്കു കത്തെഴുതി.
സംഘര്‍ഷം രൂക്ഷമാക്കുന്നതിന് പ്രകോപനപരവും സാമുദായികവുമായ പരസ്യ പ്രതികരണങ്ങള്‍ നടത്തിയ ബിജെപി നേതാക്കളെ അവഗണിച്ച് 'സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരേ' ഡല്‍ഹി പോലിസ് നടപടിയെടുക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
'യഥാര്‍ത്ഥ ദേശസ്‌നേഹികളെ' ക്രിമിനല്‍ കേസുകളില്‍ കുടുക്കുകയാണെന്ന് വാദിച്ച അദ്ദേഹം ഈ കേസുകളിലെ ഡല്‍ഹി പോലിസ് നടത്തിയ അന്വേഷണം പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.
പക്ഷപാതത്തില്‍ നിന്ന് ജനിച്ച അനീതികള്‍ ശരിയായി മനസിലാക്കുകയും ന്യൂനപക്ഷ സമുദായത്തിനെതിരായ വിദ്വേഷത്തെ ശരിയായി വിലയിരുത്തുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 753 എഫ്‌ഐആറുകളില്‍ നീതിപൂര്‍വ്വകമായ അന്വേഷണം ഉറപ്പാക്കാന്‍ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയും ഇന്ത്യന്‍ പോലിസ് സര്‍വീസിലെ അഭിമാനിയായ മുന്‍ അംഗവും എന്ന നിലയില്‍ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും ഏറെ ഹൃദയ വേദനയോടെ ഈ കത്തെഴുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് നടപടിയെടുത്തു. എന്നാല്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് തിരികൊളുത്തിയ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തിയെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹര്‍ഷ് മന്ദര്‍, പ്രഫ. അപൂര്‍വ്വാനന്ദ് തുടങ്ങിയ യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ഡല്‍ഹി പോലിസ് ശ്രമവും ആശങ്കപ്പെടുത്തുന്നതാണ്.
ജാതി, മത, രാഷ്ട്രീയ ബന്ധങ്ങളെ പരിഗണിക്കാതെ നിഷ്പക്ഷമായി ഭരണഘടനയെയും നിയമങ്ങളെയും നടപ്പാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ബാധ്യത പോലിസ് സേനയ്ക്കും അതിന്റെ നേതൃത്വത്തിനും ഉണ്ട്.
ഡല്‍ഹിയില്‍ നിങ്ങളുടെ നേതൃത്വത്തിന് കീഴിലുള്ള പോലീസിന്റെ നടപടികള്‍ പുനപ്പരിശോധനയ്ക്കു വിധേയമാക്കണമെന്നും അവര്‍ സേവനത്തില്‍ പ്രവേശിക്കുന്ന സമയത്ത് നടത്തിയ സത്യപ്രതിജ്ഞകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.