പശ്ചിമേഷ്യയിലെ യുഎസ് സൈനികരെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിനെ കഴിഞ്ഞ മാസം ഭീകരവാദികളായി മുദ്രകുത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനികരെ ഭീകരരായി പ്രഖ്യാപിക്കുന്ന ബില്ല് കഴിഞ്ഞാഴ്ചയാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയത്.

Update: 2019-05-01 03:22 GMT

ലണ്ടന്‍: പശ്ചിമേഷ്യയിലെ മുഴുവന്‍ യുഎസ് സൈനികരെയും ഭീകരരായി പ്രഖ്യാപിക്കുന്ന നിയമത്തില്‍ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഒപ്പുവച്ചു. യുഎസിനെ ഭീകരവാദത്തിന്റെ പ്രായോജകരെന്ന് റൂഹാനി വിശേഷിപ്പിക്കുകയും ചെയ്തു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിനെ കഴിഞ്ഞ മാസം ഭീകരവാദികളായി മുദ്രകുത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനികരെ ഭീകരരായി പ്രഖ്യാപിക്കുന്ന ബില്ല് കഴിഞ്ഞാഴ്ചയാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയത്. പുതിയ ഇറാനിയന്‍ നിയമം യുഎസ് സൈന്യത്തേയും അവരുടെ പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമല്ല.


രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തോടും വിദേശകാര്യ മന്ത്രാലയങ്ങളോടും സായുധ സേനയോടും പരമോന്നത ദേശീയ സുരക്ഷാ സമിതിയോടും ഈ നിയമം നടപ്പാക്കാന്‍ റൂഹാനി ആവശ്യപെട്ടിട്ടുണ്ട്.

പശ്ചിമേഷ്യയിലേയും അഫ്ഗാനിലേയും യുഎസ് സൈനിക നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിനെയാണ്(സെന്റ്‌കോം) പ്രധാനമായും ഇറാന്‍ ഭീകര സംഘടനയായി മുദ്രകുത്തിയിട്ടുള്ളത്.


പേര്‍ഷ്യന്‍ ഗള്‍ഫിലും മറ്റു മേഖലയിലും റവല്യൂഷനറി ഗാര്‍ഡ്‌സിനേയും സെന്റ്‌കോമിനേയും പരസ്പരം ഭീകര സംഘടനകളായി മുദ്രകുത്തിയിരിക്കുകയാണ്. ഈ ഒരു അവസ്ഥയ്ക്ക് യുഎസാണ് ഉത്തരവാദിയെന്ന് ഇറാനിയന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറാഖ്ച്ചി പറഞ്ഞു.


ഗാര്‍ഡ്‌സുമായി ബന്ധമുള്ള നിരവധി പ്രമുഖരെ യുഎസ് നേരത്തേ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നെങ്കിലും സേനയെ ആകമാനം യുഎസ് ഈവിധത്തില്‍ ഭീകരവാദികളാകുന്നത് ഇതാദ്യമാണ്.


125,000 സൈനികരാണ് റിവല്യൂഷനറി ഗാര്‍ഡ്‌സിന്റെ ഭാഗമായുള്ളത്. ഇറാന്റെ കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഇറാന്റെ സമാന്തര സൈനിക വിഭാഗമായ 'ബാസിജി'നേയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെയും നിയന്ത്രിക്കുന്നതും റിവല്യൂഷനറി ഗാര്‍ഡ്‌സാണ്. ഇറാന്റെ വിദേശത്തെ നിഴല്‍ യുദ്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന 'ഖുദ്‌സ്' സേനയും റിവല്യൂഷനറി ഗാര്‍ഡ്‌സിന്റെ നിയന്ത്രണത്തിലാണ്.


2015ല്‍ വന്‍ ശക്തി രാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവച്ച ആണവക്കരാറില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്‍വാങ്ങിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായത്.

Tags:    

Similar News