ഇസ്രായേലി ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചെന്ന് ഇറാന്‍
ഓരോ അതിക്രമത്തിനും പ്രതികരിക്കാനുള്ള അവകാശം ഇറാനുണ്ട്. ഇസ്രായേലിന് വേണ്ട മറുപടി നല്‍കും
തെഹ്‌റാന്‍: ഇസ്രായേല്‍ വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചെന്ന് ഇറാന്‍. തെഹ്‌റാന്‍, ഖുസസ്താന്‍, ഇലം പ്രവിശ്യകളില്‍ വ്യോമാക്രമണം നടത്താനാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ എത്തിയതെന്നും അവയെ തുരത്തിയെന്നും പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു.
''സാഹസിക നടപടികള്‍ പാടില്ലെന്ന് ഇസ്രായേലിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലും ആ വ്യാജ രാജ്യം ഇറാനിലെ മൂന്നു സൈനിക പ്രദേശങ്ങളെ ആക്രമിക്കാന്‍ എത്തി.''-ഇറാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ അയച്ച നിരവധി മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി തകര്‍ത്തു.
ചില പ്രദേശങ്ങളില്‍ നേരിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതില്‍ അന്വേഷണം നടക്കുകയാണ്. ''തെഹ്‌റാനിലുണ്ടായ വലിയ ശബ്ദം വ്യോമപ്രതിരോധ സംവിധാനത്തിന്റെ സൈറണ്‍ ആയിരുന്നു. ഓരോ അതിക്രമത്തിനും പ്രതികരിക്കാനുള്ള അവകാശം ഇറാനുണ്ട്. ഇസ്രായേലിന് വേണ്ട മറുപടി നല്‍കും'' പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.