ഇനി കളിമാറും; രാജ്യത്തെ ഏറ്റവും വലിയ പടക്കപ്പലുമായി ഇറാന്‍
സമുദ്രാന്തര മിസൈല്‍ അഭ്യാസത്തിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ പടക്കപ്പലുമായി ഇറാന്‍ രംഗത്തെത്തിയത്.
തെഹ്‌റാന്‍: ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ രാജ്യത്തെ ഏറ്റവും വലിയ പടക്കപ്പല്‍ നാവിക സേനയുടെ ഭാഗമാക്കി ഇറാന്‍. സമുദ്രാന്തര മിസൈല്‍ അഭ്യാസത്തിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ പടക്കപ്പലുമായി ഇറാന്‍ രംഗത്തെത്തിയത്. അഞ്ച് ഹെലികോപ്റ്ററുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ബേസ് ഷിപ്പായ ഐറിസ് മാക്രന്‍.
228 മീറ്റര്‍ (748 അടി) നീളമുള്ള യുദ്ധക്കപ്പല്‍ മുമ്പ് ഒരു ഓയില്‍ ടാങ്കറായിരുന്നു. രക്ഷാപ്രവര്‍ത്തനം, തിരയല്‍, പ്രത്യേക സേനയെ വിന്യസിക്കല്‍, വൈദ്യ സഹായമെത്തിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതിനെ പുനര്‍നിര്‍മിച്ചിട്ടുള്ളത്. അതുപോലെ, അതിവേഗ ബോട്ടുകളുടെ പ്രയോജനവും ഇതില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ഒമാന്‍ കടലില്‍ നടക്കുന്ന ദ്വിദിന അഭ്യാസ പ്രകടനത്തില്‍ ഭൂതല-ഭൂതല മിസൈല്‍ പരീക്ഷണം, അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണം, പ്രത്യേക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍, ആളില്ലാ വിമാനങ്ങളുടെ പ്രകടനങ്ങള്‍ തുടങ്ങിയവ നടക്കും.