ഇറാന്റ ആദ്യ പ്രസിഡന്റ് അബുല്‍ഹസ്സന്‍ ബനീസദര്‍ പാരിസില്‍ നിര്യാതനായി

ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സാല്‍പെട്രിയര്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റും ഇറാനിയന്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.

Update: 2021-10-09 12:31 GMT

പാരിസ്: 1979ലെ ഇസ്‌ലാമിക വിപ്ലവാനന്തരം ഇറാന്റെ ആദ്യത്തെ പ്രസിഡന്റായ അബുല്‍ഹസ്സന്‍ ബനീസദര്‍ (88) പാരീസില്‍ നിര്യാതനായി. രാജ്യത്ത് നിന്ന് പലായനം ചെയ്തതിനു പിന്നാലെ പതിറ്റാണ്ടുകളായി അദ്ദേഹം പാരിസിലായിരുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സാല്‍പെട്രിയര്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റും ഇറാനിയന്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.

പടിഞ്ഞാറന്‍ ഇറാനിലെ ഹമേദാന്‍ പ്രവിശ്യയില്‍ 1933ല്‍ ആണ് ബനീസദര്‍ ജനിച്ചത്. ഇറാനിലെ അവസാന ഷാ ആയ മുഹമ്മദ് റസാ പഹ്‌ലാവിക്കെതിരേ ഇസ്‌ലാമിക വിപ്ലവം വിജയകരമായി നയിച്ച റൂഹുല്ല ഖുമൈനിയുടെ സുഹൃത്തായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ ബനീസദര്‍ ഷായുടെ രാജവംശത്തിനെതിരായ പ്രചാരണങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. ഇറാന്റെ ആദ്യ പരമോന്നത നേതാവാകുന്നതിന് മുമ്പ് പാരിസില്‍ ആയിരിക്കെ ഖുമൈനിയുടെ വിശ്വസ്തനും അടുത്ത കൂട്ടാളിയുമായിരുന്നു ബനീസദര്‍.

ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്

വിപ്ലവത്തിന് മാസങ്ങള്‍ക്ക് ശേഷം, ഇറാനിയുടെ ചരിത്രത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി ബനിസദര്‍ മാറി. മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തെ പ്രസിഡന്റ് പദവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പരമോന്നത നേതാവ് അദ്ദേഹത്തെ ആക്ടിംഗ് കമാന്‍ഡര്‍ ഇന്‍ചീഫായും നിയമിച്ചു.


വിപ്ലവാനന്തരമുള്ള ഇറാനിയന്‍ നേതാക്കള്‍ കറുത്ത വസ്ത്രങ്ങളും തലപ്പാവുകളും ധരിച്ചപ്പോള്‍ മീശയും പാശ്ചാത്യ രീതിയിലുള്ള സ്യൂട്ടുകളും കൊണ്ട് ബനിസദര്‍ വേറിട്ടു നിന്നു.

എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് അതീതമായ രണ്ട് പ്രധാന സംഭവങ്ങള്‍ ബനീ സദറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള കഴിവിനെ പ്രതികൂലമായി ബാധിച്ചു.

തെഹ്‌റാനിലെ അമേരിക്കന്‍ എംബസി പിടിച്ചെടുത്ത് ആളുകളെ ബന്ദിയാക്കിയതും, സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ അയല്‍രാജ്യമായ ഇറാഖ് വിദേശരാജ്യങ്ങളുടെ പിന്തുണയോടെ ഇറാനില്‍ അധിനിവേശം നടത്തിയതും ബനീ സദറിന്റെ സ്ഥാനം തെറിക്കുന്നതിലേക്ക് നയിച്ചു.

ഇതിനിടെ, കാബിനറ്റ് നിയമനങ്ങളും ഭരണ കാഴ്ചപ്പാടുകളും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സഹപ്രവര്‍ത്തകരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇംപീച്ച്‌മെന്റില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്തു.

തര്‍ക്കം രൂക്ഷമായതോടെ പ്രസിഡന്റിന്റെ കാലാവധി ഒരു വര്‍ഷവും ഏതാനും മാസങ്ങളും മാത്രമേ നീണ്ടുള്ളു.പുതുതായി രൂപീകരിച്ച ഇസ്ലാമിക പാര്‍ലമെന്റ് 1981 ജൂണില്‍ ഖുമൈനിയുടെ പിന്തുണയോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു. കുറച്ചുകാലം ഒളിവില്‍ താമസിച്ചതിന് ശേഷം, ഒരു വിമാനത്തില്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പലായനം ചെയ്യുകയായിരുന്നു.

Tags:    

Similar News