ദീപാവലിക്ക് തുറന്ന മുസ്‌ലിമിന്റെ ബിരിയാണിക്കട ബലമായി അടപ്പിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍
നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സന്ത് നഗര്‍ ഏരിയയില്‍ ദിപാവലി ദിവസം തുറന്നുപ്രവര്‍ത്തിച്ച മുസ്‌ലിം യുവാവിന്റെ ഉടമസ്ഥതയിലുള്ള ബിരിയാണിക്കട തീവ്രഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ എത്തി ബലമായി അടപ്പിച്ചു. ദി ക്വിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരം തങ്ങള്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. എന്നാല്‍, ഇതുവരെ ആരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല.
നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'നിങ്ങള്‍ക്കെങ്ങനെയാണ് ഇന്ന് കട തുറക്കാന്‍ സാധിക്കുക? ഇന്ന് ഹിന്ദുക്കളുടെ ആഘോഷ ദിവസമാണെന്ന് നിങ്ങള്‍ക്കറിയില്ലേ? ഇന്ന് ദീപാവലിയാണ്. ഇതെന്താ പള്ളിയാണോ?' എന്ന് ചോദിച്ചായിരുന്നു കട അടപ്പിച്ചത്.പെരുന്നാള്‍ ദിവസം പള്ളിയ്ക്ക് മുന്നില്‍ പന്നിയിറച്ചി കൊണ്ടിട്ടാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാകുമോയെന്ന് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം 2014 മുതല്‍ തങ്ങള്‍ ഇവിടെ കട നടത്തുന്നുണ്ടെന്നും എല്ലാ ഉത്സവാഘോഷങ്ങളിലും കട തുറക്കാറുണ്ടെന്നും അന്നൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും കടയുടമയുടെ സഹോദരന്‍ ദി ക്വിന്റിനോട് പറഞ്ഞു.ഭീഷണി മുഴക്കിയയാള്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിയത് നരേഷ് കുമാര്‍ സൂര്യവന്‍ഷിയെന്നാണ്. താന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്നും ഇയാള്‍ പറയുന്നുണ്ട്.