പ്രപഞ്ചഘടനയുടെ താളൈക്യമാണ് ഇസ്‌ലാം:ശുഐബുല്‍ ഹൈതമി
മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍ കളങ്കം വരുത്തി പ്രപഞ്ചഘടനയെ താളം തെറ്റിക്കുന്നവയാണ് സ്വതന്ത്രവാദികളുടെ ചിന്താഗതികളെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട: പ്രപഞ്ച സംവിധാനങ്ങളുടെ താളപ്പൊരുത്തമാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറയെന്ന് പ്രമുഖ പണ്ഡിതനും സംവാദകനുമായ ശുഐബുല്‍ ഹൈതമി അഭിപ്രായപ്പെട്ടു. മനുഷ്യന്‍ പ്രപഞ്ചഘടനയിലെ ഒരു ഘടകം മാത്രമാണെന്നും അവന്റെ മാത്രം അതിജീവനമല്ല ദൈവിക നീതിയെന്നും അദ്ദേഹം പറഞ്ഞു. ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തില്‍ ഈരാറ്റുപേട്ട മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന വര്‍ക് ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍ കളങ്കം വരുത്തി പ്രപഞ്ചഘടനയെ താളം തെറ്റിക്കുന്നവയാണ് സ്വതന്ത്രവാദികളുടെ ചിന്താഗതികളെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
നവനാസ്തികതയും ലിബറലിസവും വലിയ തോതില്‍ സ്വീകരിക്കപ്പെടുന്നു എന്ന തരത്തിലുള്ള പ്രചാരണം കേവലം പ്രൊപഗണ്ട മാത്രമാണെന്ന് വിഷയം അവതരിപ്പിച്ച ഡോ. കെ മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. നവനാസ്തികത യുക്തിവാദമല്ലെന്നും പ്രമുഖരായ യുക്തിവാദികളില്‍ പലരും ദൈവവിശ്വാസികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയറില്‍ നടന്ന വര്‍ക് ഷോപ്പ് ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം അലി ബാഖവി ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് നദീര്‍ മൗലവി, വി പി സുബൈര്‍ മൗലവി, ഹാഷിര്‍ നദ്‌വി, അവിനാശ് മൂസ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ നൗഫല്‍ ബാഖവി അധ്യക്ഷത വഹിച്ചു.