ഗസ: ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി ഇസ്മായില്‍ ഹനിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയയെ ഹമാസ് അംഗങ്ങള്‍ നടത്തിയ ആഭ്യന്തര തിരഞ്ഞെടുപ്പിലാണ് നാല് വര്‍ഷത്തേക്ക് വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്രായേല്‍ ഉപരോധത്താല്‍ ചുറ്റപ്പെട്ട ഗസ മുനമ്പ് ഹമാസ് നിയന്ത്രണത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തുര്‍ക്കിയിലും ഖത്തറിലുമായി കഴിയുന്ന ഇസ്മായില്‍ ഹനിയ, ഗസയിലെ പ്രവര്‍ത്തനങ്ങളെല്ലാം പ്രധാനമായും നിയന്ത്രിക്കുന്നത് പുറത്തുനിന്നാണ്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്രായേലുമായി 11 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിലും ഹമാസിനെ നയിച്ചത് ഇസ്മായില്‍ ഹനിയയായിരുന്നു. റമദാനിന്റെ അവസാന ദിനങ്ങളില്‍ ഇസ്രായേല്‍ തുടങ്ങിവച്ച കൂട്ടക്കുരുതിയില്‍ 250ലേറെ ഫലസ്തീനികളും തിരിച്ചടിയില്‍ 13 ഇസ്രായേലികളും പേരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടത്തിയ വെടിനിര്‍ത്തലിലാണ് യുദ്ധഭീതിയൊഴിഞ്ഞത്.
ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസീന്റെ വലംകൈയായിരുന്നു 58 വയസ്സുകാരനാണ് ഇസ്മായില്‍ ഹനിയ. വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ഷെയ്ഖ് അഹമ്മദ് യാസീന്‍ 2004ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2006ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫതഹ് പാര്‍ട്ടിയെയാണ് പരാജയപ്പെടുത്തിയത്.
Ismail Haniya re-elected as leader of Palestinian group Hamas