സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്

മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

Update: 2021-10-24 02:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 136.8 അടിയാണ് ജലനിരപ്പ്. 5650 അടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യത്തെയും, 141ലെത്തിയാല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. 142 അടിയെത്തുമ്പോള്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും.

അതേസമയം, പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ശക്തമായി പെയ്ത മഴ ഇന്നലെ അര്‍ദ്ധരാത്രിയോടെ ശമിച്ചു. ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന കക്കാട്ടാറില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. പമ്പയിലും അച്ചന്‍കോവിലിലും വലിയ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിതാമസിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

മണിമലയാറിന്റെ തീരത്തുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 36 ദുരിതാശ്വാസ ക്യാംപുകളാണ് കോട്ടയത്തുള്ളത്. മുണ്ടക്കയം വണ്ടംപതാലില്‍ ആള്‍ത്താമസമില്ലാത്ത മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി.

Tags:    

Similar News