ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്‌സ് ജൂതന്‍മാരെ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവ്
ഫലസ്തീനികളെ ആട്ടിയോടിച്ച് 1948ല്‍ ഇസ്രായേല്‍ സ്ഥാപിച്ചപ്പോള്‍ സൈന്യത്തില്‍ എടുക്കില്ലെന്ന് ഹരേദികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, യുദ്ധം കനത്തതോടെ കൂടുതല്‍ സൈനികരെ ഇസ്രായേലിന് ആവശ്യമായി വരുകയാണ്.
തെല്‍അവീവ്: ഗസയിലും ലെബനാനിലും നടക്കുന്ന അധിനിവേശം ഇസ്രായേലി സൈന്യത്തെ വന്‍ പ്രതിസന്ധിയിലാക്കിയെന്ന് റിപോര്‍ട്ട്. സൈന്യത്തിന് ആളെ കിട്ടാത്തതിനാല്‍ 800ഓളം ഹരേദി ജൂതന്‍മാരെ അറസ്റ്റ് ചെയ്ത് സൈന്യത്തില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് ഹീബ്രു മാധ്യമമായ കാല്‍ക്കലിസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. തോറാ പഠനത്തിന് പ്രാധാന്യം നല്‍കുകയും യുദ്ധത്തില്‍ പങ്കെടുക്കുന്നത് മതവിരുദ്ധമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഹരേദികള്‍.
ഒരു വര്‍ഷത്തിലധികമായി നടക്കുന്ന അധിനിവേശം സൈനികരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയിലും ലെബനാനിലും നടക്കുന്ന അധിനിവേശത്തില്‍ ആയിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. പതിനായിരത്തില്‍ അധികം സൈനികര്‍ക്ക് പരിക്കുമേറ്റു. ഇവര്‍ക്ക് അധിനിവേശ പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ പോവാന്‍ സാധിച്ചിട്ടില്ല. കൂടാതെ 50,000 സൈനികരെ അയച്ചിട്ടും ലെബനാനിലെ ഒരു ഗ്രാമം പോലും കീഴ്‌പ്പെടുത്താനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യുദ്ധവിരുദ്ധരായ ഹരേദി ജൂതന്‍മാരെ അറസ്റ്റ് ചെയ്ത് പിടികൂടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്ന് കാല്‍ക്കലിസ്റ്റിലെ റിപോര്‍ട്ട് പറയുന്നു.
പതിനെട്ടിനും 26നും ഇടയില്‍ പ്രായമുള്ളവരായ 800ഓളം പേര്‍ക്കെതിരായാണ് ഇപ്പോള്‍ അറസ്റ്റ് വാറന്‍ഡ് ഇറക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 4,800 ഹരേദി ജൂതന്‍മാരെ സൈന്യത്തില്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഫലസ്തീനികളെ ആട്ടിയോടിച്ച് 1948ല്‍ ഇസ്രായേല്‍ സ്ഥാപിച്ചപ്പോള്‍ സൈന്യത്തില്‍ എടുക്കില്ലെന്ന് ഹരേദികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, യുദ്ധം കനത്തതോടെ കൂടുതല്‍ സൈനികരെ ഇസ്രായേലിന് ആവശ്യമായി വരുകയാണ്.
തങ്ങളെ സൈനികരാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ കടുത്ത പ്രതിഷേധത്തിലാണ് ഹരേദികള്‍. തെല്‍ അവീവിലും മറ്റും നിരവധി തവണ അവര്‍ സമരങ്ങള്‍ നടത്തി. ഇസ്രായേല്‍ എന്ന രാജ്യം തന്നെ ദൈവവിരുദ്ധമാണെന്ന് വിശ്വസിക്കുന്നവരാണ് ഹരേദികളില്‍ ഭൂരിപക്ഷവും. ഇസ്രായേലി ജനസംഖ്യയിലെ 13 ശതമാനം വരുന്ന ഇവര്‍ സയണിസ്റ്റ് ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ജറുസലേമിലെ ഒരു പ്രദേശത്ത് ഇസ്രായേലി സൈനിക വാഹനം ഇവര്‍ തടഞ്ഞിരുന്നു.