യുദ്ധകുറ്റങ്ങളില്‍ ഐസിസി അന്വേഷണം: ഫലസ്തീന്‍ അതോറിറ്റിക്കുമേല്‍ ഉപരോധ ഭീഷണിയുമായി ഇസ്രായേല്‍

അന്താരാഷ്ട്ര ദാതാക്കളുടെ ധനസഹായത്തോടെയുള്ള പദ്ധതികളെ ഉപരോധം സാരമായി ബാധിച്ചേക്കുമെന്ന് വാര്‍ത്താ സൈറ്റ് അറിയിച്ചു.

Update: 2021-03-23 12:59 GMT

തെല്‍അവീവ്: അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്ന ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അന്വേഷണങ്ങളുമായി സഹകരിക്കുന്നത് തുടരുകയാണെങ്കില്‍ ഫലസ്തീന്‍ അതോറിറ്റി (പിഎ)ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ അധികൃതരുടെ ഭീഷണി. വാര്‍ത്താ സൈറ്റ് ആയ അറബ് 48 ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ദാതാക്കളുടെ ധനസഹായത്തോടെയുള്ള പദ്ധതികളെ ഉപരോധം സാരമായി ബാധിച്ചേക്കുമെന്ന് വാര്‍ത്താ സൈറ്റ് അറിയിച്ചു.

കൂടുതല്‍ ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അവരുടെ വിഐപി പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ അധിനിവേശ അധികൃതര്‍ പദ്ധതിയിടുന്നതായി ഒരു ഇസ്രായേലി റേഡിയോ സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഐപി പദവി റദ്ദാക്കപ്പെടുന്നതോടെ വെസ്റ്റ്ബാങ്കിലും പുറത്തേക്കും യാത്ര ചെയ്യുന്നതിനുള്ള സ്വതന്ത്ര്യം നഷ്ടപ്പെടും.

ഞായറാഴ്ച, ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കിയുടെ വിഐപി പദവി ഇസ്രായേല്‍ റദ്ദാക്കിയിരുന്നു. ഹേഗില്‍നിന്ന് ജോര്‍ദാന്‍ വഴി ഇസ്രായേല്‍ അതിര്‍ത്തി കടന്ന് റാമല്ലയിലെത്തിയതിനു പിന്നാലെയായിരുന്നു നടപടി. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഐസിസി നീക്കത്തിനെതിരേ ഇസ്രായേലി ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഐസിസി പ്രോസിക്യൂട്ടര്‍ ഫാതോ ബന്‍സൂദ പരിധി വിട്ടതായും ഐസിസി അന്വേഷണം അപകടകരമാണെന്നും കൊഹാവി പറഞ്ഞു.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഗസയിലും ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിക്കുമെന്ന് മാര്‍ച്ച് മൂന്നിനാണ് ഐസിസി പ്രോസിക്യൂട്ടര്‍ ഫാതോ ബന്‍സൂദ പ്രഖ്യാപിച്ചത്. തീരുമാനത്തെ ഫലസ്തീന്‍ അതോറിറ്റി സ്വാഗതം ചെയ്തപ്പോള്‍ ഇസ്രയേലും യുഎസും ഈ നടപടിയെ ശക്തമായി അപലപിച്ചു.

Tags:    

Similar News